അങ്കമാലി സ്വദേശി അയർലൻഡിൽ മരിച്ചനിലയിൽ
1338751
Wednesday, September 27, 2023 7:01 AM IST
അങ്കമാലി: അങ്കമാലി സ്വദേശിയായ യുവാവിനെ അയർലൻഡിലെ വാട്ടർഫോർഡിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പടയാട്ടിൽ ദേവസിയുടെ (എസിഎൻ-153) മകൻ ജൂഡ് സെബാസ്റ്റ്യ (38) നെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടത്.
ജൂഡിന്റെ ഭാര്യയും മക്കളും തലേദിവസം നാട്ടിലേക്ക് അവധിക്ക് പോന്നിരുന്നു. നാട്ടിൽ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാൽ സുഹൃത്തുക്കളെ വീട്ടിലേക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ ജൂഡിനെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
സിഗ്നാ കെയർ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു. ക്രാന്തി സംഘടനയുമായും വാട്ടർഫോർഡിലെ മറ്റു മലയാളി കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഏഴുവർഷം മുന്പാണ് ജൂഡും കുടുംബവും അയർലൻഡിൽ എത്തിയത്. ഭാര്യ: ഫ്രാൻസീന ഫ്രാൻസീസ് (കൊല്ലം) വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സാണ്. മക്കൾ: ആന്റു ജൂഡ് പടയാട്ടിൽ (മൂന്ന്), എലീശ ജൂഡ് പടയാട്ടിൽ (രണ്ട്). മൃതദേഹം നാട്ടിൽ എത്തിച്ച് പിന്നീട് സംസ്കരിക്കും.