ഓട്ടോയിടിച്ച് വൃദ്ധ മരിച്ച കേസ്: ഡ്രൈവർ റിമാൻഡിൽ
1337678
Saturday, September 23, 2023 1:31 AM IST
മരട്: ഓട്ടോയിടിച്ച് വൃദ്ധ മരിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ റിമാൻഡിൽ. മരിച്ച ശാരദ (83) യുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ മരട് പാലപ്പറമ്പിൽ വീട്ടിൽ മനോജ് (56) നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 14ന് പുലർച്ചെയായിരുന്നു മരട് ന്യൂക്ലിയസ് മാളിനു മുന്നിൽ അജ്ഞാത വാഹനം ശാരദയെ ഇടിച്ചിട്ടത്. റോഡിൽ കിടന്ന ഇവരെ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പിന്നീട് പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് മനോജിന്റെ ഓട്ടോ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ക്രൂരതയുടെ മറ്റൊരു മുഖം തെളിയുകയായിരുന്നു.
ശാരദയെ ഇടിച്ച ശേഷം നിർത്താതെ പോയ മനോജ് വീണ്ടും തിരിച്ചു വന്നപ്പോഴും അവർ റോഡിൽ കിടപ്പുണ്ടായിരുന്നു. 20 മിനിട്ടിനുശേഷം ഇയാൾ വീണ്ടും അവിടെയെത്തിയപ്പോഴും വൃദ്ധ ചോരയൊലിച്ച് റോഡിൽ തന്നെ കിടക്കുകയായിരുന്നു.
പിന്നീട് ഇയാൾ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയുടെ ഹെഡ് ലൈറ്റും ഗ്ലാസും സ്വന്തമായി
മാറ്റിയിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പെരുമാറുകയായിരുന്നു. ബന്ധുക്കളാരുമില്ലാത്ത ശാരദ പലപ്പോഴും ഇയാളുടെ ഓട്ടോറിക്ഷയിലായിരുന്നു യാത്ര ചെയ്തിരുന്നത്.
ഓട്ടോറിക്ഷ അമിതവേഗതയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളാരുമില്ലാതിരുന്ന ശാരദയുടെ മൃതദേഹം മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്