വെടിപ്പല്ല മറൈന്‍ഡ്രൈവ്
1337676
Saturday, September 23, 2023 1:31 AM IST
കൊച്ചി: സദാസമയവും 17ഓളം കാമറകള്‍ കണ്ണുതുറന്നിരുന്നിട്ടും നഗരത്തിലെ രാത്രി "വൈബ്' കേന്ദ്രമായ എറണാകുളം മറൈന്‍ഡ്രൈവ് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല. ചില്ലറ അടിപിടി കേസ് മുതല്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം വരെയാണ് ഇരുട്ട് വീണാല്‍ ഇവിടെനടക്കുന്നത്.
ഉച്ചകഴിഞ്ഞ് നാലോടെ തുടങ്ങുന്ന തിരക്ക് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമൊക്കെയാണ് അവസാനിക്കുന്നതും. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസും എക്സൈസും രാത്രി പരിശോധന ഉള്‍പ്പെടെ നടത്തിയിട്ടും ഇത്തരക്കാരെ നിയന്ത്രിക്കാനാവുന്നില്ല.
മാത്രമല്ല നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗവും ഇവിടെ കൂടുതലാണ്. ഒടുവില്‍ സഹികെട്ടപ്പോഴാണ് രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഇവിടേക്കുള്ള പ്രവേശനം താത്കാലികമായി ഇപ്പോള്‍ നിരോധിച്ചിട്ടുള്ളത്. വിശ്രമിക്കാനും സൊറ പറഞ്ഞിരിക്കാനും വരുന്നവര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഇരുട്ട് വീണാല്‍ സീനാണ്
പോലീസ് നിരീക്ഷണം ഉറപ്പാക്കിയിട്ടുള്ള 17 കാമറകളാണ് വാക്ക്വേയുടെ പലയിടങ്ങളിലായി സിഎസ്എംഎല്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ നിരന്തരം പരിശോധിക്കുന്നുവെന്ന് പറയുമ്പോഴും കുറ്റകൃത്യങ്ങള്‍ തടയാനാകാത്തത് പോലീസിന്റെ പരാജയമാണെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ ആരോപണം.
മദ്യപിച്ചെത്തുന്നവര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, സൃഹൃത്തുക്കള്‍ തമ്മിലുണ്ടാകുന്ന വാക്കേറ്റവും തുടര്‍ന്നുള്ള കയ്യാങ്കളിയും, ലഹരി ഉപയോഗം, ലഹരി വില്പന എന്നിവയാണ് പ്രധാനമായും പോലീസിനടക്കം തലവേദന സൃഷ്ടിക്കുന്നത്.
ഇതിനു പുറമേ നിരോധിത പ്ലാസ്റ്റികുകളുടെ ഉപയോഗം, വലിച്ചെറിയല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ വാക്ക്വേയിലും പരിസരത്തും നിക്ഷേപിക്കുക തുടങ്ങിയ പ്രവൃത്തികളും നിത്യസംഭവമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും ശ്രദ്ധേയമാണ്.
ഇന്റേണല്‍ ഓഡിറ്റിനു ശേഷം "പുതിയമുഖം'
മറൈന്ഡ്രൈവിലിലെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനും ജിസിഡിഎയുടെ നേതൃത്വത്തില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തും.
ആവശ്യമായ ഇടങ്ങളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. പോലീസ്, ജിസിഡിഎ, സിഎസ്എംഎല്‍, കൊച്ചി കോര്പറേഷന് എന്നിവയ്ക്ക് പരിശോധിക്കാവുന്ന വിധത്തിലാകും ഇവയുടെ സജ്ജീകരണം.
വെളിച്ചമില്ലാത്ത പ്രദേശങ്ങളില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇതോടനുബന്ധിച്ചുള്ള സജജീകരണങ്ങളും ഒരുക്കും.
മറൈന്‍ഡ്രൈവ് അടച്ചിടേണ്ടിവരുന്നത് പോലീസ് വീഴ്ചയെ തുടര്‍ന്ന്: എംഎൽഎ
മറൈന്‍ഡ്രൈവ് വാക്ക്വേ രാത്രികാലങ്ങളില്‍ അടച്ചിടേണ്ടി വരുന്നത് പോലീസിന്റെ വീഴ്ചയെത്തുടര്‍ന്നെന്ന് ടി.ജെ. വിനോദ് എംഎല്‍എ. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പു വരുത്തേണ്ടത്.
രാത്രികാലങ്ങളില്‍ മറൈന്‍ ഡ്രൈവ് വോക്ക്വേ ലഹരി-കൊട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാവാന്‍ കാരണം പോലീസും എക്സൈസ് വകുപ്പും കാണിക്കുന്ന അലംഭാവമാണെന്നാണ് ആക്ഷേപം.
ലഹരി സംഘങ്ങളെ തടയാന്‍ കഴിയാത്ത പോലീസ് തങ്ങളുടെ ദൗര്‍ബല്യം മറച്ചു വയ്ക്കാന്‍ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോള്‍ ചെയുന്നത്. ഇതംഗീകരിക്കാന്‍ കഴിയില്ല. ജനപ്രതിനിധിയായ തന്നോടു പോലും ആലോചിക്കാതെയാണ് ഈ തീരുമാനം എടുത്തത്.
നഗരത്തിനു നൈറ്റ് ലൈഫ് ഒഴിവാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. സുരക്ഷിതമായ രീതിയില്‍ രാത്രി ജീവിതം ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കേണ്ട പോലീസും നഗരസഭ അധികൃതരും അത് തടയുന്നത് തങ്ങളുടെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ്.
പോലീസിനും എക്സൈസിനും മതിയായ അംഗബലമില്ലെങ്കില് അത് അധികൃതര്‍ തന്നെ പരിഹരിക്കണം. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ഈ അടച്ചിടല്‍ നടപടി ഉടന്‍ പിന്‍വലിക്കണം.