ജെഫിന്റെ കൊലപാതകം സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് പ്രതികൾ
1337675
Saturday, September 23, 2023 1:31 AM IST
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികള്‍ വിചാരണപോലെ നടത്തിയ ശേഷം. പകല്‍ സമയത്തായിരുന്നു കൊലപാതകമെന്ന് ഗോവയിലെ തെളിവെടുപ്പിനിടെ പ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പ്രതികള്‍ ചേര്‍ന്ന് വിചാരണ പോലെ ചെയ്യുന്നതിനിടെ മറുപടി പറയുകയായിരുന്ന ജെഫിനെ പ്രതികളിലൊരാള്‍ ശക്തിയായി അടിച്ചു. ഇതോടെ അവശനായ ജെഫിനെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തി കുഴുത്തില്‍ കുത്തിയിറക്കുകയും ചെയ്തു.
മരണം ഉറപ്പാക്കിശേഷം മൃതദേഹം സമീപത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികള്‍ പോലീസിനോട് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതുതന്നേയാണോ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്ചക്കുശേഷം അഞ്ജുന കടല്തീരത്തിനടുത്തുള്ള കുന്നിന് പ്രദേശത്തുനിന്നാണ് വിവിധ കഷ്ണങ്ങളായ ജെഫിന്റെ മൃതദേഹംഅഞ്ജുന പോലീസ് കണ്ടെത്തിയത്. അജ്ഞാത മൃതദേഹം ലഭിച്ചന്ന എഫ്ഐആര്‍ റിപ്പോര്‍ട്ട് തയാറാക്കിയശേഷം പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി മറവു ചെയ്യുകയായിരുന്നു.
എറണാകുളം സൗത്ത് പോലീസ് സംഘം അഞ്ജുന പോലീസ് സ്റ്റേഷനിലെത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും എഫ്ഐആര്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജെഫിന്റെ ഡിഎന്‍എ പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജെഫിന്റെ കുടുംബാംഗങ്ങളുടെ രക്തം ശേഖരിച്ചു. കോടതിയില്‍ അപേക്ഷ നല്‍കിയായിരുന്ന നടപടി.
പ്രതികളായ കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചാക്കോ(28), വയനാട് വൈത്തിരി സ്വദേശി ടി.വി. വിഷ്ണു(25) എന്നിവരെയാണ് തെളിവെടുപ്പിന് ഗോവയിലെത്തിച്ചത്. പ്രതികളിലൊരാളായ സ്റ്റൈഫിന്‍ തോമസിനെ ശാരീരിക അസ്വാസ്ഥ്യം മൂലം തെളിവെടുപ്പിന് കൊണ്ടുപോയിരുന്നില്ല. അന്വേഷണസംഘം വൈകാതെ കേരളത്തിലേക്ക് തിരിക്കും.