ഐഎസ്എല്‍: ‘ഗോളടിച്ച്' കൊച്ചി മെട്രോ
1337474
Friday, September 22, 2023 3:10 AM IST
കൊച്ചി: ഐഎസ്എല്‍ മത്സരം നടന്ന ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു.
രാത്രി പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 1,17,565 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഈ വര്‍ഷം ഇന്നുള്‍പ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. ഈ മാസം ഇതുവരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ് .
ഐഎസ്എല്‍ മത്സരം കണക്കിലെടുത്ത് 30 അധിക സര്‍വീസുകളാണ് ഇന്നലെ കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരുന്നു. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.