ഇരമല്ലൂർ വില്ലേജിലെ ന്യായവില പ്രശ്നം പരിഹരിക്കും: മന്ത്രി കെ. രാജൻ
1337464
Friday, September 22, 2023 3:05 AM IST
കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായവില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ. ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ന്യായവില സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ച് പ്രായോഗികമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ നടപടികൾ പുരോഗമിക്കുകയാണ്.
ഡിജിറ്റൽ റീ സർവേ ആരംഭിച്ചപ്പോൾ നടക്കുമോയെന്ന് പലർക്കും സംശയമായിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 1,42,000 ഹെക്ടർ ഭൂമിയിലാണ് ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയത്.
വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ്തല ജനകീയ സമിതികൾക്ക് രൂപം നൽകിയത്.
പദ്ധതിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. ജനകീയ സമിതികളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾക്ക് കൃത്യമായി പരിഹാരം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.ബി. ജമാൽ, മൂവാറ്റുപുഴ ആർഡിഒ പി.എൻ. അനി, തഹസീൽദാർ റേച്ചൽ കെ. വർഗീസ് എന്നിവർ പങ്കെടുത്തു.