കുട്ടന്പുഴ പുറമല കോളനിയിൽ വനം വകുപ്പിന്റെ വാഹനം തടഞ്ഞ ു
1337463
Friday, September 22, 2023 3:05 AM IST
കോതമംഗലം: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പ് വാഹനം തടഞ്ഞ് നാട്ടുകാർ. കുട്ടന്പുഴ പഞ്ചായത്തിലെ പുറമല കോളനിയിൽ ഇന്നലെ രാവിലെയാണ് സംഭവം.
വനം വകുപ്പിന്റെ വാഹനം പ്രദേശവാസികൾ തടഞ്ഞ് പ്രതിഷേധിച്ചു. താൽക്കാലികമായി രണ്ട് വാച്ചർമാരെ പുറമല കോളനിയിൽ പോസ്റ്റ് ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമാണ് വനംവകുപ്പിന്റെ വാഹനം പോകാൻ നാട്ടുകാർ അനുവദിച്ചത്.
പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. ജനവാസം അസാധ്യമാകുന്ന സാഹചര്യമാണുള്ളത്.
വർഷങ്ങൾക്ക് മുന്പ് റോഡ് പുറന്പോക്കിൽ നിന്നിറക്കി സർക്കാർ പുനരധിവസിപ്പിച്ചതാണ് കുട്ടന്പുഴ പഞ്ചായത്തിലെ പുറമല കോളനി. ഇരുപതോളം കുടുംബങ്ങളാണ് അവിടെയുള്ളത്. രൂക്ഷമായ വന്യമൃഗ ശല്യം കാരണം ജനജീവിതം സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്.
കുട്ടന്പുഴയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കുപോലും സത്രപ്പടിക്ക് അപ്പുറത്തേക്ക് വാഹനങ്ങൾ സന്ധ്യ കഴിഞ്ഞ് വിളിച്ചാൽ എത്താറില്ല. സർക്കാർ സംവിധാനങ്ങളും വനം വകുപ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ സ്ഥായിയായ പരിഹാരം കാണാൻ നടപടി സ്വീകരിച്ചിട്ടില്ല.
വഴിവിളക്ക് കത്തുന്നില്ല. ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലിക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ആന വൈദ്യുതി പോസ്റ്റടക്കം തകർത്തുകൊണ്ടിരിക്കുകയാണ്.
ജനങ്ങളെ ദ്രോഹിച്ചുള്ള വനം വകുപ്പിന്റെ വന്യമൃഗ സംരക്ഷണത്തിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു. തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നത്.