ഭക്ഷണത്തിൽ പക്ഷഭേദം; വിവാദമായി പോലീസിന്റെ വാട്സ് ആപ് പോസ്റ്റ്
1337460
Friday, September 22, 2023 2:58 AM IST
ആലുവ: ബംഗാൾ ഗവർണർക്ക് അകമ്പടി പോയവർക്ക് സൗജന്യമായി ഭക്ഷണം നൽകിയപ്പോൾ പോലീസ് സേനാംഗങ്ങളിൽ നിന്ന് തുക ഈടാക്കിയതായി പരാതി. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി റൂറൽ ജില്ലയിലെ പോലീസ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ച പോസ്റ്റ് വിവാദമായി.
ഒരാഴ്ച മുമ്പ് സർക്കാർ അതിഥിമന്ദിരമായ ആലുവ പാലസ് അനക്സിലാണ് സംഭവം നടന്നത്. ക്ഷണിച്ച പ്രകാരം ഡൈനിംഗ് ഹാളിൽ കയറി ഭക്ഷണം കഴിക്കാൻ തുടങ്ങിയ എട്ട് പോലീസ്കാരോട് പാലസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം.
ഭക്ഷണംമടക്കി നൽകാൻ ശ്രമിച്ചപ്പോൾ 'തിരികെ ഇടേണ്ട, പണം തന്നാൽ മതി'യെന്ന് പറഞ്ഞെന്നും 150 രൂപ വീതം നൽകേണ്ടി വന്നതായും വാട്സ് ആപ് പോസ്റ്റിൽ പറയുന്നു. ഇടുക്കി ജില്ലാ അതിർത്തി മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ ബംഗാൾ ഗവർണർക്ക് പൈലറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വന്ന പോലീസുകാരാണ് പരാതിക്കാർ.
ഒന്നരയോടെ പാലസിലെത്തിയപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കാൻ ഗവർണറുടെ സുരക്ഷാ ജീവനക്കാരൻ ക്ഷണിച്ചു. ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ഇതര സെക്യൂരിറ്റി ജീവനക്കാരും പാലസിൽ ഭക്ഷണം കഴിച്ചു തുടങ്ങിയ ശേഷമാണ് സിപിഒ മാരെ ക്ഷണിച്ചത്.
ഡൈനിംഗ് ഹാളിൽ വച്ചിരുന്ന ബുഫെ ടേബിളിൽ നിന്നു ഭക്ഷണമെടുത്ത് കഴിഞ്ഞപ്പോൾ പോലീസുകാർക്ക് ഭക്ഷണം ഇല്ലെന്ന് ജീവനക്കാർ അറിയിച്ചത്. എടുത്ത ഭക്ഷണം എന്തു ചെയ്യണമെന്നു ചോദിച്ചപ്പോൾ 'തിരികെ ഇടേണ്ട, പണം തന്നാൽ മതി'യെന്ന് പറഞ്ഞെന്നും പണം കൊടുത്തെന്നുമാണ് കുറുപ്പിൽ പറയുന്നത്.
പാലസിൽ വിശ്രമിച്ച ഗവർണർ വൈകുന്നേരം നാലു കഴിഞ്ഞാണു വിമാനത്താവളത്തിൽ നിന്നു പോയത്. രാവിലെ എട്ടിന് വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചു വന്ന പോലീസുകാർ വൈകുന്നേരം നാലുവരെ ഒന്നും കഴിക്കാതെ ഡ്യൂട്ടി ചെയ്യണോ' എന്ന ചോദ്യവും പോസ്റ്റിൽ ഉയർത്തുന്നുണ്ട്.
പോലീസിനു സൗജന്യ ഭക്ഷണം നല്കാൻ വകുപ്പില്ലെന്ന് പാലസ് ജീവനക്കാർ
ഇസെഡ് പ്ലസ് കാറ്റഗറി വിവിഐപികൾക്കൊപ്പം എത്തുന്ന ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന വിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകാനാണ് സർക്കാർ ഉത്തരവെന്ന് പാലസ് ജീവനക്കാർ പറഞ്ഞു. ഈടാക്കുന്ന തുക തിരുവനന്തപുരത്ത് അറിയിച്ചാൽ സർക്കാർ തിരികെ നൽകും. ഇതാണ് പൊതുവേയുള്ള രീതി.
ആരോഗ്യ വകുപ്പിൽ നിന്ന് നാല്, ഫയർഫോഴ്സ് ഒന്പത് എന്നിങ്ങനെയാണ് അകമ്പടിയിൽ ഉണ്ടാകുക. പോലീസ് സേനാംഗങ്ങൾ 50 വരെ ഉണ്ടാകും.
അതിനാൽ സർക്കാർ പ്രത്യേക ഉത്തരവ് തരുന്നത് വരെ സൗജന്യ ഭക്ഷണം പോലീസ് സേനാംഗങ്ങൾക്ക് നൽകാനാകില്ലെന്നും ജീവനക്കാർ പറഞ്ഞു. അതിനാൽ തങ്ങൾ നിസഹായരാണെന്ന് പാലസ് ജീവനക്കാർ പറയുന്നു.