മറൈന്‍ ഡ്രൈവില്‍ രാത്രി സന്ദര്‍ശകര്‍ക്കു നിയന്ത്രണം
1337160
Thursday, September 21, 2023 5:46 AM IST
കൊച്ചി: കായല്‍ കാറ്റേറ്റ് കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ മറൈന്‍ ഡ്രൈവിലെത്തുന്ന സന്ദര്‍ശകര്‍ ഇനി രാത്രി പത്തിനു മുന്‍പ് മടങ്ങണം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെ മറൈന്‍ഡ്രൈവില്‍ പ്രവേശനം നിരോധിക്കാന്‍ ഇന്നലെ ചേര്‍ന്ന സംയുക്ത യോഗത്തില്‍ തീരുമാനമെടുത്തു.
രാത്രിയുടെ മറയില്‍ ലഹരി വ്യാപാരം ഉള്‍പ്പടെ കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നതിനാലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതിനാലുമാണ് നിയന്ത്രണം. ഒപ്പം സുരക്ഷ വര്‍ധിപ്പിക്കാനും സംയുക്ത യോഗം തീരുമാനിച്ചു.
മറൈന്‍ ഡ്രൈവ് ഷോപ്പിംഗ് കോംപ്ലക്സിലെ ജിസിഡിഎ ഓഫീസില്‍ ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള, മേയര്‍ എം. അനില്‍കുമാർ, പോലീസ് ഉദ്യോഗസ്ഥർ, കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. മറൈന്‍ഡ്രൈവില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും.
റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി നിലവിലിലുള്ള സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തും. അനധികൃത ബോട്ട് സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കും. നിരീക്ഷണ കാമറകളും, ആവശ്യമായ വെളിച്ച സംവിധാനങ്ങളും ഉറപ്പുവരുത്തും.
യോഗത്തില്‍ കോര്പറേഷന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ്, കൗണ്‍സിലര്‍മാരായ മനു ജേക്കബ്, മിനി ദിലീപ്, സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ ഷാജി വി. നായര്‍, ഡിസിപി എസ്. ശശിധരന്, കൊച്ചി കോര്പറേഷന് അഡീഷണല്‍ സെക്രട്ടറി വി.പി. ഷിബു, ജിസിഡിഎ സെക്രട്ടറി ടി.എന്‍. രാജേഷ്, ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അമീര്‍ ഷാ, വ്യാപാരികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.