നിറ്റ ജലാറ്റിൻ പൊട്ടിത്തെറി: സുരക്ഷാ വീഴ്ചയെന്ന് പോലീസ്
1337158
Thursday, September 21, 2023 5:46 AM IST
കാക്കനാട്: കാക്കനാട് കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിൽ നടന്ന പൊട്ടിത്തെറി സുരക്ഷാ വീഴ്ചയാണെന്ന് പോലീസ്. കമ്പനിയുടെ ആവശ്യത്തിന് ശേഷം സൂക്ഷിച്ചിരുന്ന സൾഫ്യുറിക് ആസിഡും, മറ്റ് കെമിക്കലും ഉണ്ടായിരുന്ന കന്നാസുകളിൽ സമ്മർദമുണ്ടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. ഇന്നലെ രാവിലെ പത്തോടെ തൃക്കാക്കര അസി.
കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ അപകട സ്ഥലത്തെത്തി പരിശോധന നടത്തി. അപകട സ്ഥലത്തെ കാനുകളിൽ ശേഷിക്കുന്ന കെമിക്കലുകൾ സംഘം ശേഖരിച്ചു.
കമ്പനിയിൽ ഉപയോഗിക്കുന്ന കെമിക്കലുകളുടെ വിവരങ്ങൾ നൽകാൻ പോലീസ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി ഏറെ വൈകിയാണ് കമ്പനിയിലെ സെക്യൂരിറ്റി വിവരം അറിഞ്ഞതെന്നും അപകട സാധ്യതയുള്ള സ്ഥലത്ത് വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
ബോയിലറിൽ വിറക് അടുക്കുന്ന തൊഴിലാളിയാണ് പൊട്ടിത്തെറിയിൽ മരിച്ച ബംഗാൾ സ്വദേശി രാജൻ ഓറാംഗാൻ(30). കന്നാസുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് രാജൻ കയറുന്നത് കണ്ടതായി ചികിത്സയിൽ കഴിയുന്നവർ മൊഴി നൽകി. തുടർന്നായിരുന്നു സ്ഫോടനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കമ്പനിയിലെ ഓപ്പറേറ്റർ ഇടപ്പള്ളി സ്വദേശി വി.പി. നജീബ്, കരാർ തൊഴിലാളികളുടെ സൂപ്പർവൈസർ കാക്കനാട് തോപ്പിൽ സ്വദേശി സനീഷ് എന്നിവർ അപകടനില തരണം ചെയ്തതായി തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബി പറഞ്ഞു. പരിക്കേറ്റ അസാം സ്വദേശികളായ പങ്കജ്, കൗശിബ് എന്നിവർ ഇന്ന് ആശുപത്രി വിടും.
രാജൻ ഓറാംഗാന്റെ മരണം വിവാഹം നടക്കാനിരിക്കെ
നിറ്റ ജലാറ്റിൻ പൊട്ടിത്തെറിയിൽ മരിച്ച ബംഗാൾ സ്വദേശി രാജൻ ഓറാംഗാ(30)ന്റെ മരണം വിവാഹം നടക്കാനിരിക്കെയാണെന്ന് സഹോദരൻ പറഞ്ഞു. അടുത്ത മാസം നടത്താൻ തീരുമാനിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം വിവാഹത്തിനായി ആവശ്യമായ ഉടുപ്പുകൾ ഉൾപ്പടെ വാങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴായിരുന്നു സഹോദരൻ ഇക്കാര്യം പറഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: കാക്കനാടുള്ള നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നടന്ന പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്കു നിര്‍ദേശം നല്കി.
വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായി നിറ്റ ജലാറ്റിൻ എംഡി
കമ്പനിയിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായി നിറ്റ ജലാറ്റിൻ എംഡി സജീവ് കെ. മേനോൻ. കൊച്ചിൻ റിഫൈനറി സേഫ്റ്റി തലവനായിരുന്ന ആളുടെ നേതൃത്വത്തിൽ ആറുപേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. മരിച്ച ബംഗാൾ സ്വദേശിക്കും,പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകും.
ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. കമ്പനിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.