ആനിക്കാട് ശുചിമുറി മാലിന്യം തള്ളി
1337143
Thursday, September 21, 2023 5:44 AM IST
മൂവാറ്റുപുഴ: റോഡികിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ ആനിക്കാട് മാവിൻചുവട് ജംഗ്ഷനിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശമുള്ള ഓടയിലാണ് രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തളളുന്നത്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനോട് ചേർന്നുള്ള ഓടയിൽ ഇന്നലെ പുലർച്ച മൂന്നോടെയാണ് സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയത്.
സ്കൂൾ വിദ്യാർഥികളും വയോധികരും എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മാലിന്യം തള്ളിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്. രൂക്ഷമായ ഗുർഗന്ധം ഓഴിവാക്കാൻ കക്കയും, കുമ്മയാവും കലർത്തിയാണ് പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
ഇതിന് മുന്പും നിരവധി തവണ ഇതേ സ്ഥലത്ത് ശുചിമുറി മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. നാലാമത്തെ തവണയാണ് ഇവിടെ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളുന്നതെന്ന് പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടം പറഞ്ഞു.
മുന്പ് മാലിന്യം തള്ളിയപ്പോൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധം ഉയരുന്നതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന നിർമല സദനിലെ വിദ്യാർഥികളും, അധ്യാപകരും, പൊതുജനങ്ങളും ദുരിതത്തിലായി. ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.
ബിനുവിന്റെ നേതൃത്വത്തിൽ വാർഡംഗം രാജേഷ് പൊന്നുംപുരയിടം, മുൻ പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോയി, നാട്ടുകാർ എന്നിവർ ചേർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിൽ പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.