കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷിച്ചു
1337142
Thursday, September 21, 2023 5:44 AM IST
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി. വനപാലകര്‍ എത്തി വലയിലാക്കി കരയിലെത്തിച്ച് കാട്ടില്‍ തുറന്നുവിടുകയായിരുന്നു.
ഉപ്പുകണ്ടം മുതിരമാലി സജീവിന്റെ റബര്‍തോട്ടത്തിലെ കിണറിലാണ് കാട്ടുപന്നി അകപെട്ടത്. ചൊവ്വാഴ്ച രാത്രിയില്‍ എത്തിയ കാട്ടുപന്നികളുടെ കൂട്ടത്തിലൊന്നാണ് കിണറില്‍ വീണത്. ഇന്നലെ രാവിലെ ടാപ്പിംഗ് തൊഴിലാളികൾ ശബ്ദംകേട്ട് പന്നി കിണറ്റില്‍ വീണത് കണ്ട് പ്രദേശവാസികളെ വിവരം അറിയിച്ചു.
ഉച്ചയോടെ കോടനാട് സ്പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് സംഘമെത്തി വലയുടെ സഹായത്തോടെ പന്നിയെ കരക്കെടുത്തു. കാട്ടുപന്നിയെ പിന്നീട് കരിമ്പാനി ഉള്‍വനത്തില്‍ തുറന്നുവിട്ടു. വടക്കുംഭാഗം, വാവേലി പ്രദേശത്ത് നിന്ന് എത്തുന്ന കാട്ടുപന്നികള്‍ പ്രദേശത്ത് വലിയതോതിൽ കൃഷിനാശം വരുത്തുകയാണ്. ആന ശല്യത്താൽ പൊറുതിമുട്ടി കഴിയുന്പോഴാണ് കാട്ടു പന്നികൾ കൂട്ടമായെത്തി വിളകൾ തിന്നുതീര്‍ക്കുന്നത്.