കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പ്രതിപക്ഷാംഗവും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എം.വി. റെജിയോട് സെക്രട്ടറി അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സമരത്തിനിടെ റെജിയെ മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പഞ്ചായത്ത് സെക്രട്ടറി സി.ജെ. സാബു മോശംവാക്കുകള്‍ ഉപയോഗിച്ചത് മറ്റൊരു അംഗം മൊബൈലില്‍ പകര്‍ത്തി ദൃശ്യം പുറത്തുവിട്ടു. ഇതോടെയാണ് സംഭവം വിവാദമായത്. കമ്പനിപ്പടിയില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിർമിച്ച റാന്പ് പൊളിക്കാമെത്തിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടഞ്ഞ പരാതിയിലാണ് എം.വി. റെജിയെ അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് നല്കിയ പരാതിയില്‍ തീരുമാനവുമെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സെക്രട്ടറി പ്രകോപിതനായത്.