കരുതല്‍ തടവിലാക്കിയ കോതമംഗലം സ്വദേശിയെ മോചിപ്പിക്കാന്‍ ഉത്തരവ്
1336908
Wednesday, September 20, 2023 5:56 AM IST
കൊച്ചി: തുടര്‍ച്ചയായി ലഹരിമരുന്നു വില്പനക്കേസില് ഉള്‍പ്പെട്ടെന്നാരോപിച്ച് പോലീസ് കരുതല്‍ തടവിലാക്കിയ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ബെന്നറ്റ് കെ. ബിനോയിയെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മകനെ അന്യായമായി തടങ്കലിലാക്കിയെന്നാരോപിച്ച് പിതാവ് ബിനോയ് നല്കിയ ഹേബിയസ് ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. ഇയാളെ കരുതല്‍ തടങ്കലിലാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവും ഡിവിഷന് ബെഞ്ച് റദ്ദാക്കി. 2020 നവംബറിലാണ് ലഹരി മരുന്നു വില്പനയുമായി ബന്ധപ്പെട്ട് ബെന്നറ്റിനെതിരെ കേസെടുത്തത്. തുടർന്ന് രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞാണ് കരുതല്‍ തടങ്കലിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കാലതാമസം വിശദീകരിക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ക്ക് ന്യായീകരണമില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.