വാഴക്കുളത്തെ അനാശാസ്യകേന്ദ്രം: ആറംഗ സംഘം റിമാൻഡിൽ
1336907
Wednesday, September 20, 2023 5:56 AM IST
വാഴക്കുളം: വീട് വാടകയ്ക്കെടുത്ത് വാഴക്കുളത്ത് അനാശാസ്യകേന്ദ്രം നടത്തിയതിന് പോലീസ് പിടിയിലായ ആറംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ ( 30 ), കള്ളിയൂർ ചിത്തിരഭവനിൽ റെജി (37), തിരുവള്ളൂർ നക്കീരൻ ദേവിശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോണി തടിയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരെയാണ് കോടതി റിമാൻഡു ചെയ്തത്.
ഉടമസ്ഥൻ വിദേശത്തായതിനാൽ വാടകയ്ക്ക് നൽകിയിരുന്ന വാഴക്കുളം ചാവറ കോളനിക്കു സമീപത്തെ വീട്ടിൽ നിന്നാണ് മൂന്നു യുവതികൾ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ ഞായറാഴ്ച രാത്രിയിൽ വാഴക്കുളം പോലീസ് പിടികൂടിയത്.
ഒന്നര വർഷം മുമ്പ് ഇവർ മൂവാറ്റുപുഴയിൽ നടത്തിയിരുന്ന അനാശാസ്യകേന്ദ്രവുമായി ബന്ധപ്പെട്ട് അടിപിടി കേസുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സമാന രീതിയിൽ പെരുമ്പല്ലൂരും കോലഞ്ചേരിയിലും കേന്ദ്രം നടത്തിയിരുന്നതായും അറിയുന്നു.
അബ്രാർ ആണ് വീട് വാടകയ്ക്ക് എടുത്തു നൽകിയത്. വാണിഭ കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരി സുജാതയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പോലീസെത്തുമ്പോൾ സുജാത സ്ഥലത്തുണ്ടായിരുന്നില്ല.
ഇവരെ പിന്നീട് പോലീസ് വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഴക്കുളത്ത് മൂന്നു ദിവസമായി പെൺവാണിഭം നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ പി.എൻ. പ്രസാദ്, എഎസ്ഐ ജി.പി. സൈനബ, സീനിയർ സിപിഒ ജോബി ജോൺ, സിപിഒമാരായ കെ.എസ്. ശരത്, വിനീഷ് വിജയൻ, സാബു സാം ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.