കണ്ടെയ്നർ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
1336862
Wednesday, September 20, 2023 2:25 AM IST
വൈപ്പിൻ: കണ്ടെയ്നർ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാലിപ്പുറം പെരുമാൾപടി തുണ്ടിയിൽ ലാൻസി ലോട്ടിന്റെ മകൻ എബി ലാൻസി ലോട്ട് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഗോശ്രീ റോഡിൽ വല്ലാർപാടത്തായിരുന്നു അപകടം.
കണ്ടെയ്നർ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആലുവയിലെ എസ്എഫ്ഒ ടെക്നോളജീസിൽ ട്രെയിനിയായ എബി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എബി റോഡിൽ തെറിച്ചുവീഴുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. ആദ്യത്തെ നൈറ്റ് ഡ്യൂട്ടിക്കുശേഷം തിരിച്ചുവരുന്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. അമ്മ: ഗ്ലാൻസി. സഹോദരി: അന്ന തെരേസ്യ.