മാലിന്യ സംസ്കരണത്തിൽ വീഴ്ച: കൊച്ചി നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
1336669
Tuesday, September 19, 2023 5:40 AM IST
കൊച്ചി: മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പൊതുനിരത്തിലാകെ മാലിന്യമാണെന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലുള്ള 10 സ്ഥലങ്ങളെങ്കിലും കാണിച്ചു നല്‍കാമെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പിടിത്തെത്തുടര്ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് വിമര്‍ശനം. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മാലിന്യ സംസ്കരണത്തിനു ഇടക്കാല സൗകര്യമൊരുക്കുന്ന കാര്യത്തില്‍ എന്തു നടപടിയായെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനു ഭൂമി കൈമാറിയെന്നു നിര്‍മാണം നടക്കുകയാണെന്നും നഗരസഭ വിശദീകരിച്ചു. ബയോ മൈനിംഗ് ഒക്ടോബര്‍ ആദ്യം തുടങ്ങുമെന്നും 15 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.
കൊച്ചിയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലകള്‍ മാലിന്യം ഇടുന്നതു തടയാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഫോര്‍ട്ടുകൊച്ചിയിലെ സ്ഥിതിയും എടുത്തു പറഞ്ഞു. മാലിന്യ നീക്കത്തിന് വാടകയ്ക്ക് വാഹനങ്ങള്‍ എടുക്കുന്നതിനെയും ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.