ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: ഫസ്റ്റടിച്ച് ജില്ല
1297460
Friday, May 26, 2023 1:06 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 87.55 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാമതെത്തി ജില്ല. 199 സ്കൂളുകളില്‍ നിന്ന് 30,496 കുട്ടികള്‍ പരീക്ഷയെഴുതയതില് 26,698 പേര് ഉപരിപഠനത്തിന് യോഗ്യതനേടി. 3,121 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഒരു സ്പെഷല്‍ സ്കൂള്‍ ഉള്‍പ്പെടെ ഏഴ് സ്കൂളുകളാണ് ജില്ലയിൽ നൂറു ശതമാനം വിജയം സ്വന്തമാക്കിയത്. എസ്എസ്എല്‍സി പരീക്ഷാഫലത്തിലും ജില്ല ഇക്കുറി ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. 87.46 ശതമാനമായിരുന്നു അന്ന് വിജയ ശതമാനം.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ല ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. 79.59 ശതമാനം വിജയം നേടിയാണ് ജില്ലയുടെ നേട്ടം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. പരീക്ഷയെഴുതിയ 539 കുട്ടികളില്‍ 429 പേര് വിജയിച്ചു. 42 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 13 പേര്‍ക്കുമാത്രമായിരുന്നു എ പ്ലസ് നേടാനായത്.
ഓപ്പണ്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1315 പേരില്‍ 820 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 62.36 ശതമാനമാണ് വിജയം നേടി രണ്ടാമതാണ്. 18 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,097 പേര് പരീക്ഷയെഴുതിയതില്‍ 1,102 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 57.79 ശതമാനമായിരുന്നു വിജയം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ (വിഎച്ച്എസ്ഇ) 76.01 ശതമാനം വിജയമാണ് ജില്ലയിലുള്ളത്. 2,539 പേര് പരീക്ഷയഴുതിയതില് 1,793 പേര് ഉരിപഠനത്തിന് യോഗ്യത നേടി.
നൂറ് ശതമാനം ഏഴ് സ്കൂളുകള്‍ക്ക്
കൊച്ചി: പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയത് എഴ് സ്കൂളുകള്‍ മാത്രം. കഴിഞ്ഞ തവണ 9 സ്കൂളുകളും, 2021ല്‍ 22 സ്കൂളുകളും, 2020ല്‍ 17 സ്കൂളുകളും ഈ നേട്ടം കൈവരിച്ചിരുന്നു. ഇക്കുറി നൂറ് ശതമാനം വിജയം നേടിയവയില്‍ ഒന്ന് സ്പെഷല്‍ സ്കൂളാണ്.
മാണിക്യമംഗലം സെന്റ് ക്ലയര്‍ ഓറല്‍ സ്കൂള്‍ ഫോര്‍ ദ ഡഫ് സെപ്ഷല്‍ സ്കൂളാണ് മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ചത്. 29 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ ആറ് പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ, രാജഗിരി എച്ച്എസ്എസ് കളമശേരി, സെന്റ് ജോസഫ് എച്ച്എസ്എസ് കിടങ്ങൂര്‍, എറണാകുളം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്, ആനിക്കാട് സെന്റ് തോമസ് എച്ച്എസ്എസ്, അയിരൂര്‍ വിമല മാത എച്ച്എസ്എസ് എന്നിവയാണ് നൂറ് ശതമാനം നേടിയ മറ്റ് സ്കൂളുകള്‍.