കാർഷിക വിളകളുടെ വിലയിടിവ് പരിഹരിക്കണം: കേരള കോണ്ഗ്രസ്
1246177
Tuesday, December 6, 2022 12:22 AM IST
കോതമംഗലം: കാർഷിക വിളകളുടെ വിലയിടിവിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കോണ്ഗ്രസ് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങളുടെ വില നിരന്തരം ഇടിയുന്ന സാഹചര്യത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററും മുൻ എംഎൽഎയുമായ ഷെവ. ടി.യു. കുരുവിള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ മുൻ എംപി കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന തലത്തിൽ അംഗത്വം പുതുക്കലിന് ശേഷം വാർഡ് - മണ്ഡലം തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി. വാർഡ് പ്രസിഡന്റുമാർ, മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിൽ പുതിയ നിയോജകമണ്ഡലം ഭാരവാഹികളേയും സംസ്ഥാന - ജില്ല കമ്മിറ്റി പ്രതിനിധികളേയും തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം വരണാധികാരിയായിരുന്നു.