താലൂക്ക് ആശുപത്രിയിലേക്ക് കടന്നാൽ കുടുങ്ങും
1227698
Thursday, October 6, 2022 12:24 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിലേക്ക് കടക്കാൻ ഓടയ്ക്കു കുറുകെ ഇരുന്പ് കന്പികളും പൈപ്പുകളുംകൊണ്ട് നിർമിച്ചിട്ടുള്ള നടപ്പാത തുരുന്പെടുത്ത് അപകടാവസ്ഥയിൽ. കഴിഞ്ഞ ദിവസം നടപ്പാതയിലെ രണ്ടു കന്പികൾക്കിടയിൽ ആദിവാസി ബാലന്റെ കാൽ കുടുങ്ങിയിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ബാലനെ രക്ഷിച്ചത്.
നടപ്പാതയുടെ അവസ്ഥ വളരെ ശോചനീയമാണെന്ന് നാളുകളായി പരാതിയുയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ നടക്കുന്നത്. ഓടയ്ക്കു കുറുകെ കോണ്ക്രീറ്റ് സ്ലാബ് സ്ഥാപിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇരുന്പ് നടപ്പാതയിൽ കാൽകുടുങ്ങി ആദിവാസി ബാലന് പരിക്കേറ്റ സംഭവത്തെത്തുടർന്ന് അധികൃതർ ഇടപെട്ട് പൈപ്പുകൾക്കിടയിലെ വിടവ് ഇല്ലാതാക്കാൻ കന്പി വെൽഡ് ചെയ്ത് ഘടിപ്പിച്ചെങ്കിലും ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം.