ചെറുതോണി: ജില്ലാ ആസ്ഥാനവും ജില്ലാപഞ്ചായത്ത് ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, മെഡിക്കൽ കോളജ്, ജില്ലാ ആയുർവേദ ആശുപത്രി, എൻജിനിയറിംഗ് കോളജ്, ജില്ലാ ആസ്ഥാന ടൗണ്‍, ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ജില്ലാ ആസ്ഥാന ഡിവിഷനായ പൈനാവ് ആരു പിടിക്കുമെന്നതു കണ്ടുതന്നെ അറിയണം.
ഒരു മുന്നണിക്കും കുത്തകയല്ലെന്ന് തെളിയിച്ചിട്ടുള്ള പൈനാവ് ഡിവിഷനിൽ കഴിഞ്ഞതവണ എൽഡിഎഫ് പിൻതുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായ ലിസമ്മ സാജൻ 857 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, ഇരട്ടയാർ പഞ്ചായത്തുകളിലെ 47 വാർഡുകൾ ഉൾപെട്ടതാണ് ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ. ഇത്തവണ പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഡിവിഷനാണിത്.
തെരഞ്ഞെടുപ്പിൽ തഴക്കവും പഴക്കവുമുള്ള എൽഡിഎഫ് സ്ഥാനാർഥിയും പുതുമുഖങ്ങളായ യുഡിഎഫ്, ബിജെപി സ്ഥാനാർഥികളുമാണ് നേർക്കുനേർ മത്സരിക്കുന്നത്. ജനപ്രതിനിധിയായും രാഷ്ട്രീയ ഭാരവാഹിയായും സംഘടനാതലത്തിലും കഴിവുതെളിയിച്ച വാഴത്തോപ്പ് സ്വദേശി കെ.ജി. സത്യനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. ഇടുക്കി ഡവലപ്മെന്റ് അഥോറിറ്റി അംഗം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം, പ്രസിഡന്റ്, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സിപിഎം ഏരിയ കമ്മിറ്റി അംഗമായ കെ.ജി. സത്യനിലൂടെ സീറ്റ് നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്പോൾ യുവ സാരഥിയെ ഇറക്കി സീറ്റു തിരിച്ചുപിടിക്കാണ് യുഡിഎഫിന്റെ ശ്രമം. ഇതിനായി കോണ്‍ഗ്രസ്, പുതുമുഖമായ മുട്ടം മണപ്പാറ കോളനി താന്നിക്കാമറ്റത്തിൽ സുകുമാരൻ - യശോധ ദന്പതികളുടെ മകൻ വിനയവർധൻഘോഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കെ എസ് യു ജില്ലാ സെക്രട്ടറി, എംജി യൂണിവഴ്സിറ്റി യൂണിയൻ കൗണ്‍സിലർ, കെ എസ് യു തൊടുപുഴ ന്യൂമാൻ കോളജ് യൂണിയൻ പ്രസിഡന്റ്, യൂത്ത് കമ്മീഷൻ ജില്ലാ കോ - ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ വിനയവർധൻ എംഎ, ബിഎഡ് ബിരുദ ദാരിയുമാണ്.
രണ്ടു പുരുഷ മത്സരാർഥികളോട് നേർക്കുനേർ പോരാടാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മണിയാറൻകുടി സ്വദേശിയായ വനിതാ സ്ഥാനാർഥിയെയാണ്. വരിക്കപ്പിള്ളിൽ വി.ടി. ഷീനയാണ് ബിജെപിയുടെ പുതുമുഖ സ്ഥാനാർഥി. കെപിഎംഎസ് പ്രവർത്തകയാണ് ഷീന.