സ​ബ് ക​ള​ക്ട​റും ഡി​എ​ഫ്ഒ​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ലോ​കാ​യു​ക്ത
Thursday, January 16, 2020 10:35 PM IST
മാ​ങ്കു​ളം: മാ​ങ്കു​ള​ത്തെ കൈ​വ​ശ ഭൂ​വു​ട​മ​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന​തി​ൽ ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​റാ​യ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റും മാ​ങ്കു​ളം ഡി​എ​ഫ്ഒ​യും മാ​ർ​ച്ച് 19-ന് ​നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ട്ടു.
സി​പി​ഐ മാ​ങ്കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് ലോ​കാ​യു​ക്ത​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.
16.05.2007 ലെ ​മാ​ങ്കു​ളം റി​സ​ർ​വ് ഫോ​റ​സ്റ്റ് വി​ജ്ഞാ​പ​ന​പ്ര​കാ​രം മാ​ങ്കു​ളം വി​ല്ലേ​ജി​ലെ സ​ർ​വേ ന​ന്പ​ർ 75/1, 77/1-ൽ ​ഉ​ൾ​പ്പെട്ട 9005 ഹെ​ക്ട​ർ ഭൂ​മി നി​ർ​ദി​ഷ്ട വ​ന​ഭൂ​മി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ഈ ​വി​ജ്ഞാ​പ​ന പ​രി​ധി​യി​ൽ​വ​രു​ന്ന ഭൂ​വു​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദം സ​മ​ർ​പ്പി​ക്കാ​ൻ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​റാ​യി നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മാ​ങ്കു​ളം വി​ല്ലേ​ജി​ലെ 1007 ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ കൃ​ഷി​ഭൂ​മി​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും വി​ജ്ഞാ​പ​നം ഇ​റ​ങ്ങി 13 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും 613 പേ​രു​ടെ അ​വ​കാ​ശ​വാ​ദം മാ​ത്ര​മാ​ണ് ഫോ​റ​സ്റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​ർ കേ​ട്ട​ത്. വി​ജ്ഞാ​പ​ന പ​രി​ധി​യി​ലു​ള്ള വ​ന​ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യ സ​ർ​വേ ന​ട​ത്തു​ക​യോ, അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പ്ലോ​ട്ടു​ക​ൾ അ​ള​ന്നു​തി​രി​ക്കു​ക​യോ വ​നം - റ​വ​ന്യു സം​യു​ക്ത ടീ​മി​നെ നി​ശ്ച​യി​ച്ച് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​വ​രു​ടെ ഭൂ​മി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
മാ​ങ്കു​ളം വി​ല്ലേ​ജി​ൽ 1999-ൽ ​ഭൂ​മി വി​ത​ര​ണം​ചെ​യ്ത 1016 പേ​ർ​ക്കും കൈ​വ​ശ ഭൂ​വു​ട​മ​ക​ളാ​യ 617 പേ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​ൻ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ട​സം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ലോ​കാ​യു​ക്ത ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റീ​സ് സി​റി​യ​ക് തോ​മ​സ്, ജ​സ്റ്റീ​സ് ടി.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ ഉ​ത്ത​ര​വി​ട്ട​ത്.