മ​രം വീ​ണ് വൈദ്യുത പോ​സ്റ്റൊ​ടി​ഞ്ഞു ; ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത് 13 മ​ണി​ക്കൂ​റി​നു ശേ​ഷം
Monday, September 16, 2019 10:27 PM IST
ഇ​ട​വെ​ട്ടി: തൊ​ണ്ടി​ക്കു​ഴ ആ​ർ​പ്പാ​മ​റ്റ​ത്തി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ മ​രം വീ​ണൊ​ടി​ഞ്ഞ വൈദ്യുത പോ​സ്റ്റ് നീ​ക്കം ചെ​യ്യാ​ൻ വൈ​കി​യ​താ​യി പ​രാ​തി. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം 13 മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​മ​റി​യാ​തെ എ​ത്തി​യ നി​ര​വ​ധി പേ​രാ​ണ് വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.

പ​ട്ട​യം​ക​വ​ല-​ആ​ർ​പ്പാ​മ​റ്റം-​കൊ​ത​കു​ത്തി റോ​ഡി​ൽ ആ​ർ​പ്പാമ​റ്റം ക​വ​ല​യ്ക്കു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് തെ​ങ്ങു വീ​ണ​ത്.

ഇ​തി​നു പി​ന്നാ​ലെ 11 കെ​വി ഉ​ൾ​പ്പെ​ടെ ക​ട​ന്നുപോ​കു​ന്ന ര​ണ്ട് പോ​സ്റ്റ് ഒ​ടി​ഞ്ഞു. ഇ​തി​ലൊ​ന്ന് ലൈ​നു​ക​ള​ട​ക്കം റോ​ഡി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം സ്​തം​ഭി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റ്റ​കു​റ്റ​പ​ണി രാ​വി​ല​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വൈദ്യുത പോ​സ്റ്റ് വ​ഴി​യി​ൽ നി​ന്ന് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് രാ​വി​ലെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ക​രാ​ർ ജീ​വ​ന​ക്കാ​രെ​ത്തി പ​ത്തോ​ടെ​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ന്നു​പോ​ക​ാത്ത ത​ര​ത്തി​ലാ​ണ് പോ​സ്റ്റ് കി​ട​ന്ന​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ പ​ല​രും മൂ​ന്ന് മു​ത​ൽ അ​ഞ്ച് കി​ലോ മീ​റ്റ​ർ വ​രെ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​ന്നു. അ​തേസ​മ​യം ക​രാ​ർ ജീ​വ​ന​ക്കാ​രെ​ത്താ​ൻ വൈ​കി​യ​താ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ക്കു​ന്ന​ത് വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വ​ഴി​യി​ൽ നൂ​റ് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ലൈ​ൻ കി​ട​ന്ന​തുമൂ​ലം എ​തി​ർ​വ​ശ​ത്തുകൂ​ടി വാ​ഹ​ന​മെ​ത്തി​യാ​ലും പ​ഞ്ചാ​യ​ത്ത് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​ധി​ച്ചി​ല്ല. ഈ ​മേ​ഖ​ല​യി​ൽ മാ​ത്രം മുപ്പതോ​ളം വീ​ടു​ക​ളു​ണ്ട്. ഒരാഴ്ചത്തെ അ​വ​ധി​ക്കുശേ​ഷമുള്ള പ്ര​വൃത്തി ദി​വ​സ​മാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ല​ഞ്ഞു.