റോഡ് കുത്തിപ്പൊളിച്ച മാലിന്യം ജനവാസമേഖലയിൽ തള്ളി : എടുപ്പിച്ചു
1485462
Monday, December 9, 2024 3:36 AM IST
തൊടുപുഴ: നഗരസഭാ പരിധിയിൽ ഗതാഗതത്തിരക്കുള്ള റോഡരികിലെ ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ മാലിന്യം എത്തിച്ചവർ തന്നെ അവ തിരികെ കൊണ്ടുപോയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവങ്ങളുടെ തുടക്കം. കാഞ്ഞിരംപാറ-ഇറക്കുംപുഴ പാലത്തിനരികിലാണ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. തുടർച്ചയായി മാലിന്യം കൊണ്ടിടാൻ തുടങ്ങിയതിനെത്തുടർന്ന് ജനങ്ങൾ പരാതിയുമായി രംഗത്തെത്തി. ഇതോടെ നഗരസഭാ കൗണ്‍സിലർ കവിത വേണുവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി പ്രതിഷേധിച്ചു.
ജനവാസ മേഖലയിൽനിന്നും മാലിന്യം ഉടൻതന്നെ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇത്തരത്തിൽ മാലിന്യമെത്തിച്ചതെന്ന് വ്യക്തമായി. ഇതേത്തുടർന്ന് മാലിന്യം എത്തിക്കുന്നവരെ കണ്ടെത്താനായി നഗരസഭാ ആരോഗ്യ വിഭാഗം പുലർച്ചെ വരെ പ്രദേശത്ത് തുടർന്നെങ്കിലും മാലിന്യവുമായി വാഹനമെത്തിയില്ല. ഇതിനിടെ ഇന്നലെ വീണ്ടും മാലിന്യവുമായി വാഹനം എത്തിയപ്പോൾ കൗണ്‍സിലറുടെ നേതൃത്വത്തിൽ തടഞ്ഞു.
പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദേശ പ്രകാരമാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കരാറുകാരൻ അറിയിച്ചതായി കൗണ്‍സിലർ പറഞ്ഞു. തുടർന്ന് കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് കരാറുകാരനെക്കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിച്ചു. ജനവാസമേഖലയിൽ മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകുമെന്ന് കൗണ്‍സിലർ പറഞ്ഞു.