മെഡിക്കൽ കോളജ് ഇന്റേണൽ റോഡ് നിർമാണത്തിന് 16 കോടി അനുവദിച്ചു
1485230
Sunday, December 8, 2024 3:48 AM IST
ഇടുക്കി: ഗവ. മെഡിക്കൽ കോളജിലെ ഇന്റേണൽ റോഡുകളുടെ നിർമാണത്തിന് 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
2014-ൽ എംബിബിഎസിന്ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നുവെങ്കിലും കോളജിന് ആവശ്യമായ സൗകര്യങ്ങളുടെയും ഇന്റേണൽ റോഡുകളുടെയും അഭാവം മെഡിക്കൽ കൗണ്‍സിൽ ചൂണ്ടികാണിച്ചിരുന്നു.ഇതേത്തുടർന്നു തുടർ പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
പുതുതായി ഐപി, ഒപി ബ്ലോക്കുകൾ, വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഓപ്പറേഷൻ തിയറ്റർ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിക്കുകയും തുടർ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
ഇതോടെ ആശുപത്രി സമുച്ചയവും വിവിധ ബ്ലോക്കുകളും ലാബുകളും ഹോസ്റ്റലുകളും തമ്മിൽ ബന്ധിപ്പിച്ച് റോഡുകൾ നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി ഗാബിയോണ്‍ രീതിയിൽ ഉൾപ്പെടെയുള്ള സംരക്ഷണഭിത്തികൾ നിർമിച്ച് റോഡുകൾ ആധുനിക രീതിയിൽ പുനർ നിർമിക്കും.
ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്കും വിദ്യാർഥികൾക്കും യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം കെട്ടിടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സംരക്ഷണ ഭിത്തികൂടി നിർമിക്കും.
ഇതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുഖേന എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗം പദ്ധതി അംഗീകരിച്ച് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.