നെടുങ്കണ്ടം ബസ് സ്റ്റാൻഡിന് ഇനി പുതിയ മുഖം
1485219
Sunday, December 8, 2024 3:45 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പുനര്‍ നിര്‍മിക്കാന്‍ നടപടി. 90 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. എം.എം. മണി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിക്കുന്നത്. വെയിറ്റിംഗ് ഷെഡ്, ബസ് ടെര്‍മിനല്‍, നടപ്പാതകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റർ, കമാനം, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്.
നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കായി ആകെയുള്ളത് ഇടിഞ്ഞുവീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച വെയ്റ്റിംഗ് ഷെഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങളായി.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകുന്നതോടെ ഇവിടെയെത്തുന്ന യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ദുരിതത്തിന് പരിഹാരമാകും.