കെഎച്ച്ആർഎ ജില്ലാ സമ്മേളനം പത്തിന് തൊടുപുഴയിൽ
1485218
Sunday, December 8, 2024 3:28 AM IST
തൊടുപുഴ: കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം പത്തിന് ഷാരോണ്‍ കൾച്ചറൽ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30നു രജിസ്ട്രേഷൻ. 9.30നു കൊച്ചിൻ ഐ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന നേത്ര ചികിത്സാ ക്യാന്പ് ഇന്റലിജൻസ് ഡിവൈഎസ്പി ആർ.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തുനിന്നു സമ്മേളന നഗരയിലേക്ക് പ്രകടനം നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും അസോസിയേഷൻ പുതുതായി രൂപീകരിക്കുന്ന ജില്ലാ വനിതാവിംഗിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപിയും നിർവഹിക്കും. അസോസിയേഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാന്പയിൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽഎക്സ്പോ, സെമിനാറുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിവിധ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു, കൗണ്‍സലർ നിധി മനോജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയൻ ജോസഫ്, കണ്‍വീനർ പി.ജെ. ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇവിഎം ചെയർമാൻ ജോസ് മാത്യു, പുളിമൂട്ടിൽ ഗ്രൂപ്പ് ചെയർമാൻ ഒൗസേപ്പ് ജോണ്‍, അനിമോൻ, വി.എ. റിയാസ്, സനോജ് സൈമണ്‍, ലിസ്റ്റിൻ സ്റ്റീഫൻ, ജയ്മോൻ വഞ്ചിന്താനം എന്നിവരെ യോഗത്തിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം.എസ്. അജി, സെക്രട്ടറി പി.കെ. മോഹനൻ, പ്രതീഷ് കുര്യാസ്, യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ്, സെക്രട്ടറി പ്രതീഷ് കുര്യാസ്, ട്രഷറർ പി.എ. സുധീർ എന്നിവർ പങ്കെടുത്തു.