സിഎച്ച്ആർ : കർഷകർക്ക് നീതി ഉറപ്പുവരുത്തണം: ഇടുക്കി രൂപത പാസ്റ്ററൽ കൗണ്‍സിൽ
1485214
Sunday, December 8, 2024 3:28 AM IST
ചെറുതോണി: ഏലമല പ്രദേശങ്ങൾ വനഭൂമിയാക്കാനുള്ള ഗൂഢതന്ത്രങ്ങളിൽ സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇടുക്കിയിലെ കർഷകർക്ക് നീതി ഉറപ്പാക്കണമെന്ന് ഇടുക്കി രൂപത പാസ്റ്ററൽ കൗണ്‍സിൽ ആവശ്യപ്പെട്ടു. വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന ഏഴാമത് യോഗത്തിന്റെ പ്രഥമ സമ്മേളനമാണ് പ്രമേയത്തിൽ ആവശ്യം ഉന്നയിച്ചത്.
2024 ഒക്ടോബർ 24ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ ഇടുക്കി ജില്ലയിലെ ഏലമല പ്രദേശങ്ങളിൽ പുതിയ പട്ടയങ്ങൾ നൽകുന്നതും വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിരോധനം തുടർന്നാൽ നാളെകളിൽ മലയോരമേഖലയിലെ ജനജീവിതം അസാധ്യമാകും.
നിലവിലുള്ള എല്ലാ ആധികാരിക രേഖകളും അനുസരിച്ച് ഏലമല പ്രദേശങ്ങൾ റവന്യു ഭൂമിയാണ്. എന്നാൽ, ഇത് വനഭൂമിയാണെന്ന് സ്ഥാപിക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കം അപലപനീയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി.
പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ സന്ദേശവാഹകരാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ മാർ ജോണ്‍ നെല്ലിക്കുന്നേൽ പറഞ്ഞു. ക്രിസ്തുജയന്തിയുടെ ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യാശയോടെ തീർഥാടകരായ വിശ്വാസീ സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്വമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിശ്വാസപരമായ നിസംഗതയെ അഭിസംബോധന ചെയ്യേണ്ട കാലമാണിത്. രൂപത രജത ജൂബിലിയിലേക്ക് അടുക്കുന്ന സമയത്ത് നിശ്ചയദാർഢ്യത്തോടും അർപ്പണബോധത്തോടും വിശ്വാസകാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും എല്ലാവരും ഇടപെട്ടു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രഫസർ ഡോ. ജോർജ് തെക്കേക്കര ക്ലാസ് നയിച്ചു. തുടർന്ന് വിശ്വാസപരവും സാമൂഹികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സിസ്റ്റർ ടെസ്ലിൻ എസ്എച്ച്, സിസ്റ്റർ റോസിൻ എഫ്സിസി, സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ എസ്എബിഎസ്, സിസ്റ്റർ ആനി പോൾ സിഎംസി, ഡോ. അനിൽ പ്രദീപ്, ആൻസി തോമസ്, ജെറിൻ ജെ. പട്ടാംകുളം, മരീറ്റ തോമസ്, രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.