ജില്ലയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റാൻ പിഎം ശ്രീ സ്കൂൾ
1485213
Sunday, December 8, 2024 3:28 AM IST
രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം തൊടുപുഴയിൽ
തൊടുപുഴ: പിഎം ശ്രീ പദ്ധതി പ്രകാരം ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം തൊടുപുഴയിൽ വരുന്നതോടെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉൗർജം കൈവരും. പൈനാവിലാണ് ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുന്നത്. രാജ്യത്ത് പുതുതായി അനുവദിക്കപ്പെട്ട 85 കേന്ദ്രീയ വിദ്യാലയങ്ങളിൽ കേരളത്തിൽ അനുവദിച്ച ഏക സ്ഥാപനം തൊടുപുഴയിലാണ്.
ജില്ലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെയും വിമുക്ത ഭടന്മാരുടെയും മക്കൾക്ക് ഇനി കേന്ദ്രീയ വിദ്യാലയത്തിൽ ചേർന്നു പഠിക്കാനാവും. രാജ്യത്തെ മികച്ചതും എന്നാൽ ഫീസ് കുറഞ്ഞതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് കേന്ദ്രീയ വിദ്യാലയം. നവീനമായ പഠന രീതികളും ഗുണനിലവാരമുള്ള അധ്യാപനവും മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രത്യേകതകളാണ്.
കരിങ്കുന്നം വില്ലേജിലെ മ്രാലയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത്. ഇവിടെ എട്ട് ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമാണം പൂർത്തീകരിക്കുന്നതുവരെ താത്കാലിക സംവിധാനത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തിക്കുന്നത്. ഇതിനായി തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ് മുറികളും മറ്റു താത്കാലിക സൗകര്യങ്ങളും സജ്ജീകരിക്കും.
മൂന്ന് അധിക ക്ലാസ് മുറികൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേകം ശുചിമുറികൾ, ക്ലാസ് മുറികളെ വേർതിരിക്കുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കും. ഇവിടെ കേന്ദ്രീയ വിദ്യാലയ സംഘതൻ മാനദണ്ഡ പ്രകാരം അഗ്നിസുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കേണ്ടി വരും.
നേരത്തേ എച്ച്. ദിനേശൻ ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് എപിജെ അബ്ദുൾ കലാം സ്കൂൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. മ്രാലയിൽ 12 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി സർവേ നടപടികളും ആരംഭിച്ചിരുന്നു.
മ്രാലയിലെ നിർദിഷ്ട സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് മുന്പുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും. രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെയാകും മ്രാലയിൽ പുതിയ കെട്ടിടം നിർമിക്കുന്നത്.
കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശന നടപടികൾ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. ഓണ്ലൈൻ സംവിധാനത്തിലാണ് ഒന്നാം ക്ലാസ് പ്രവേശനം. രണ്ടു മുതൽ 12 വരെയുള്ള ക്ലാസ് പ്രവേശനത്തിന് ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫോറം പൂരിപ്പിച്ച് നൽകണം. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിമുക്ത ഭടന്മാരുടെയും മക്കൾക്കാണ് പ്രവേശനം നേടാനുള്ള ആദ്യ അവസരം.
കേന്ദ്ര സർക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഉന്നത പഠന സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെ കുട്ടികൾക്കാണ് പിന്നീട് പരിഗണന. പിന്നീട് സംസ്ഥാന സർക്കാർ ജിവനക്കാരുടെ മക്കൾക്ക് പ്രവേശനം നൽകും. പൊതു മേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മക്കൾക്ക് അവസരം ലഭിക്കും.
എംപിയുടെ ഇടപെടൽ ഫലം കണ്ടു
തൊടുപുഴ: പുതിയ കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിലൂടെ. 2022-ലാണ് തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയത്തിനായി ശ്രമം തുടങ്ങിയതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ചലഞ്ച് മെത്തേഡ് പോളിസിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ വിദ്യാലയം അനുവദിച്ചത്.
പദ്ധതിക്കായി ആദ്യമേതന്നെ സ്ഥലം കണ്ടെത്തി നൽകണം. പദ്ധതി അനുവദിച്ചു കഴിഞ്ഞാൽ താത്കാലിക സംവിധാനവും ഒരുക്കണം. ഇത്തരം നിബന്ധനകൾ പാലിച്ചാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തത്.
തൊടുപുഴ സ്കൂളിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയും ഇതിനിടെ ലഭ്യമാക്കി. കേന്ദ്രീയ വിദ്യാലയം സംഘതൻ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കുകയും താത്കാലിക സ്കൂൾ കെട്ടിടത്തിന് അനുമതി നൽകുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ എംപി അഭിനന്ദിച്ചു.
പി.ജെ. ജോസഫ് എംഎൽഎയും മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൂർണ പിന്തുണ നൽകി. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സജ്ഞയ്കുമാർ, കേന്ദ്രീയ വിദ്യാലയം സംഘതൻ കമ്മീഷണർ, കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ, മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ്, ഡയറക്ടറായിരുന്ന ജീവൻ ബാബു എന്നിവരും ഇക്കാര്യത്തിൽ ഇടപെടൽ നടത്തി.