ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; രക്ഷകരായത് പാലിയേറ്റീവ് ജീവനക്കാർ
1461108
Tuesday, October 15, 2024 12:37 AM IST
ഉപ്പുതറ: ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർക്ക് പ്രഥമ ശുശ്രൂഷ നൽകി പാലിയേറ്റീവ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു.
കോട്ടയം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന നീലാംബരി ബസിലെ ഡ്രൈവർ അനീഷ് മാത്യുവിനെയാണ് ആലടി പിഎച്ച്സിയിലെ പാലിയേറ്റീവ് നഴ്സ് അമൽ ആന്റണിയും ഡ്രൈവർ പി.എ.അജേഷും ചേർന്ന് രക്ഷിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ബസ് ആലടിയിൽ എത്തിയത്. അജേഷും അമലും ബസിൽ കയറി. ബസ് അൽപദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ഡ്രൈവർക്ക് ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടു. കലശലായ ശ്വാസ തടസം ഉണ്ടായതോടെ ബസ് നിർത്തി അനീഷ് പുറത്തിറങ്ങി. ഈ സമയം നിരവധി വാഹനങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആരും ആശുപത്രിയിൽ കൊണ്ടു പോകാൻ തയാറായില്ല. അപ്പോഴേ ക്കും അജേഷും അമലും സഹായവുമായെത്തി. അമൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെ അജേഷ് ആശുപത്രിയിൽ പോയി പാലിയേറ്റീവ് വാഹനവുമായി എത്തി. ഉടൻതന്നെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശ്വാസംമുട്ടലും രക്തസമ്മർദവും കൂടിയ നിലയിലായിരുന്നെങ്കിലും അപകടനില തരണം ചെയ്തു. അമലിന്റെയും അജേഷിന്റെയും അവസരോചിതമായ ഇടപടൽമൂലമാണ് അനീഷിനെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനായത്.