പോസ്റ്റോഫീസ്പടി-മന്നാക്കുടി അങ്കണവാടി റോഡ് തകർന്നു
1461098
Tuesday, October 15, 2024 12:37 AM IST
രാജാക്കാട്: പോസ്റ്റാഫീസ് പടി - മന്നാക്കുടി അങ്കണവാടി റോഡ് തകർന്നു. രാജാക്കാട് എല്ലക്കൽ റോഡിൽ നിന്നു പഴയ പോസ്റ്റാഫീസ് പടിക്കൽ വഴി രണ്ടാം വാർഡുവഴി കടന്നുപോകുന്ന ടാറിംഗ്റോഡാണ് മൂന്നു വർഷമായി തകർന്നു കിടക്കുന്നത്. ഒരു കിലോമീറ്ററിൽ താഴെ ദൂരം വരുന്ന റോഡിൽ കയറ്റം കൂടുതലുള്ള ഭാഗമാണ് തകർന്നു കിടക്കുന്നത്.
സമീപകാലത്ത് ജൽജീവൻ മിഷന്റെ ഭാഗമായി റോഡിന്റെ വശം കുഴിച്ച് പൈപ്പിട്ടതിനാൽ ചെളിമൂടിയും ഗതാഗതം തടസ്സപ്പെടുന്നുണ്ട്. പല സ്ഥലത്തും വെള്ളം കുത്തിയൊലിച്ച് പൈപ്പ് മൂടിയ മണ്ണും ഒലിച്ചുപോയിട്ടുണ്ട്. രാജാക്കാട് പഞ്ചായത്തിലെ ആദ്യകാല റോഡായ ഇതുവഴിയാണ് കുരങ്ങുപാറ, ഈറ്റക്കാനം,ജോസ്ഗിരി പ്രദേശങ്ങളിലേക്ക് ആളുകൾ യാത്രചെയ്തിരുന്നത്.
അങ്കണവാടിയിലേക്കുള്ള കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളും, സ്കൂൾ,കോളജ് ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്.റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവരുടെ വീട്ടിലേക്ക് ഓട്ടോറിക്ഷാ വിളിച്ചാൽ പോലും വരില്ല. കഴിഞ്ഞ രണ്ട് വർഷമായി ഒരു അറ്റകുറ്റപണി പോലും ഇവിടെ നടന്നിട്ടില്ല.അടിയന്തരമായി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.