സിഎച്ച്സി പദവി നഷ്ടമായതിൽ പ്രതിഷേധവുമായി വ്യാപാരികൾ
1461097
Tuesday, October 15, 2024 12:37 AM IST
ഉപ്പുതറ: ബ്ലോക്ക് സിഎച്ച്സിയുടെ പദവി നഷ്ടമാക്കിയതിലും കിടത്തി ചികിത്സ നിർത്തിയതിലും പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി ഏകോപന സമിതി മാർച്ചും ധർണയും നടത്തി. ഉപ്പുതറ, ചപ്പാത്ത്, മാട്ടുക്കട്ട, വളകോട് യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ക്വാർട്ടേഴ്സ്പടിയിൽനിന്നാരംഭിച്ച മാർച്ച് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയോട് സർക്കാരും ബ്ലോക്ക് പഞ്ചായത്തും സ്വീകരിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിച്ച് നഷ്ടമായ പദവി തിരിച്ചു നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രദേശത്തെ മുഴുവൻ ആളുകളുടെയും ഒപ്പുശേഖരിച്ച് ആരോഗ്യ മന്ത്രിക്കും, ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും ഉടൻ നിവേദനം നൽകുമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് സിബി മുത്തുമാക്കുഴി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജേക്കബ് പനത്താനം, സുനിൽ ചാലുങ്കൽ, കെ.എം.ബിനോയി,പി.എ .മത്തായി, വി.എസ്. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.