ആദിവാസി യുവാവ് കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
1460844
Monday, October 14, 2024 2:29 AM IST
മൂലമറ്റം: മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ആദിവാസി യുവാവ് കുത്തേറ്റു മരിച്ചു. പൂച്ചപ്ര വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ - 48) ആണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന ബന്ധുവായ വാളിയംപ്ലാക്കൽ ജയനായി കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചപ്ര സ്കൂളിനു സമീപം ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ശനിയാഴ്ച ഇവർ രണ്ടു പേരും ചേർന്ന് മദ്യപിച്ചതിനു ശേഷം പൂച്ചപ്രയിലൂടെ നടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. പിന്നീട് പൂച്ചപ്ര സ്കൂളിന്റെ സമീപം കുത്തേറ്റ നിലയിലാണ് നാട്ടുകാർ ബാലനെ കണ്ടത്. വിവരമറിഞ്ഞെത്തിയ കാഞ്ഞാർ പോലീസ് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവർ നാലംഗ സംഘമാണ് മദ്യപിച്ചത്. പിന്നീട് ബാലനും ജയനും കൂടിയാണ് നടന്നുപോയതെന്ന് നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ബാലന് നെഞ്ചിലും കഴുത്തിലുമായി ആറു കുത്തുകളേറ്റു. രാത്രിയിൽത്തന്നെ നാട്ടുകാരെ കൂട്ടി ജയനെത്തേടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മാസങ്ങൾക്കു മുന്പും ബാലനെ ജയൻ ആക്രമിച്ചിരുന്നു. അന്നു ബാലന്റെ കാലിന് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ബാലൻ ഏറെനാൾ ചികിൽസയ്ക്കു ശേഷമാണ് വീട്ടിലെത്തിയത്. പിന്നീട് വീണ്ടും ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു.
ജയനെ കണ്ടെത്താൻ ഇന്നലെ രാവിലെ കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിൽ പോലീസ് അന്വേഷണം നടത്തി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇടുക്കിയിൽ നിന്നെത്തിയ പോലീസ് നായയും വിരലടയാളം വിദഗ്ധരും പൂച്ചപ്രയിൽ എത്തി തെളിവുകൾ ശേഖരിച്ചു.
കാഞ്ഞാർ എസ് ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ ശാന്തകുമാരി. മക്കൾ ശാലിനി, അനന്ദു.