പ്രതിഷേധക്കാർ വനത്തിൽ കയറി മരം വെട്ടിയിട്ടില്ല : കേസിനെ നിയമപരമായി നേരിടുമെന്ന് എൻഎച്ച് സംരക്ഷണസമിതി
1460676
Saturday, October 12, 2024 2:41 AM IST
അടിമാലി: ദേശയപാതയോരത്തെ മരം മുറിച്ചു പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്ത വനം വകുപ്പിന്റെ നടപടി നിയമപരമായി നേരിടുമെന്ന് എൻ എച്ച് സംരക്ഷണ സമിതി ചെയര്മാന് പി.എം. ബേബി അറിയിച്ചു. മരംമുറിക്കാന്‍ കോടതി നിര്‍ദേശമുണ്ടായിട്ടും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത് കോടതിയലക്ഷ്യ നടപടികളാണെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടും വനം, റവന്യു വകുപ്പുകള്‍ തയാറാകുന്നില്ലെന്നാരോപിച്ചായിരുന്നു എന്‍എച്ച് സംരക്ഷണ സമിതി കഴിഞ്ഞ എട്ടിന് പ്രതിഷേധം സംഘടിപ്പിച്ചതും ദേശീയപാതയോരത്ത് നിന്നിരുന്ന രണ്ടു പാഴ്മരങ്ങള്‍ മുറിച്ചുനീക്കിയതും.
ഇതുമായി ബന്ധപ്പെട്ട് പിന്നീട് വനംവകുപ്പ് പ്രതിഷേധക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിഷേധക്കാർ വനത്തിൽ കയറി മരം മുറിച്ചിട്ടില്ല. ഉണ്ടെങ്കിൽ വനം വകുപ്പ് അതു തെളിയിക്കണം. നൂറു മീറ്റർ വീതിയിലുള്ള സ്ഥലം റോഡിന്റേതാണെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളതാണ്.
വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും കേസ് നടത്തിപ്പിനും തുടര്സമരങ്ങള്ക്കുമായി ജനകീയ ധനസമാഹരണം നടത്തുമെന്നും സമിതി നേതാക്കൾ അറിയിച്ചു.