ബെഹ്ഷെറ്റ്സ് രോഗത്തിന്റെ തീരാവേദനയില്‍ നിര്‍ധന യുവതി
1460674
Saturday, October 12, 2024 2:41 AM IST
ചികിത്സകള്‍ മുടങ്ങിയതോടെ തലച്ചോറിലേക്കും ഹൃദയത്തിലേക്കും രോഗം വ്യാപിച്ചു
നെടുങ്കണ്ടം: ആപൂര്‍വങ്ങളില്‍ അപൂര്‍വമായി ഉണ്ടാകുന്ന ബെഹ്ഷെറ്റ്സ് രോഗത്താല്‍ തീരാവേദന അനുഭവിക്കുകയാണ് നെടുങ്കണ്ടം പൂവത്തുംമൂട്ടില്‍ ഏബ്രഹാം - ലിസമ്മ ദമ്പതികളുടെ മകള്‍ എല്‍ബെറ്റ്(25). വര്‍ഷങ്ങള്‍ക്കു മുമ്പ് ചികിത്സകള്‍ ആരംഭിച്ചിരുന്നെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുമൂലം ചികിത്സകള്‍ മുടങ്ങി.
ഇതേത്തുടര്‍ന്ന് രോഗം തലച്ചോറിലേക്കും ഹൃദയത്തിലേക്കുള്ള ഞരമ്പുകളിലേക്കും വ്യാപിച്ചതോടെ കിടക്കയെമാത്രം ആശ്രയിച്ചു കഴിയുകയാണ് യുവതി. ഞരമ്പുകള്‍ക്കുള്ളില്‍ മുഴകള്‍ രൂപപ്പെടുന്ന രോഗമാണ് ബെഹ്ഷെറ്റ്സ്.
ശരീരം മുഴുവന്‍ നീരുവയ്ക്കുകയും മൂക്കില്‍ കൂടി രക്തം വരുകയും ചെയ്യുന്നതിനൊപ്പം അസഹനീയമായ വേദനയുമാണ് ഈ രോഗത്തിനുള്ളത്. പ്രതിമാസം 50,000 രൂപയുടെ ഇഞ്ചക്ഷ നും 10,000 രൂപയുടെ ഗുളികകളും കഴിച്ചാണ് ഈ പെണ്‍കുട്ടി ജീവന് നിലനിര്‍ത്തിയിരുന്നത്.
സ്വന്തമായി ഒരു സെന്റ് സ്ഥലംപോലും ഇല്ലാത്ത നിര്‍ധനകുടുംബമാണ് എല്ബെറ്റിന്റേത്. പിതാവിന്റെ കൂലിപ്പണിയാണ് ഏക വരുമാനമാര്‍ഗം. മരുന്നുകള്‍ മുടങ്ങിയതോടെ ഇപ്പോള്‍ വേദന അസഹനീയമാകുകയും തുടര്‍ച്ചയായി ഫിറ്റ്സും തലകറക്കവും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. 13 ഇനം ഗുളികകളാണ് ഈ പെണ്‍കുട്ടി ദിവസവും കഴിക്കുന്നത്.
ഇതില്‍ ഒരു ഗുളികയ്ക്ക് 130 രൂപയും മറ്റൊന്നിന് 40 രൂപയുമാണ്. ഇതുകൂടാതെ 15 ദിവസം കൂടുമ്പോള്‍ രക്തപരിശോധനയ്ക്ക് മാത്രമായി 5000 രൂപയും വേണ്ടിവരും. വര്‍ഷങ്ങളുടെ ചികിത്സയ്ക്കുതന്നെ ഇവര്‍ക്കു ലക്ഷങ്ങള്‍ ചെലവായി. ഉദാരമനസ്കരുടെ സഹായവും പലിശയ്ക്ക് കടംവാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സകള്‍ നടന്നുവന്നത്.
ഇപ്പോള്‍ ചികിത്സകള്‍ക്കു തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ചികിത്സകള്‍ തുടര്‍ന്നാല്‍ രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടാകും. മൈനര്‍സിറ്റി കക്കുഴി നഗറില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി നിര്‍മിച്ചു നല്കിയ വീട്ടിലാണ് ഇവരുടെ താമസം.
വേദനതിന്നുന്ന ഈ യുവതിയെ സഹായിക്കാന്‍ താല്പര്യമുള്ളവര് നെടുങ്കണ്ടം സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ എല്ബെറ്റിന്റെ പേരിലുള്ള 06780 530 0000 4879 (IFSC - SIBL 0000678) എന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്കിയാല് ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകും.
ഗൂഗിള്‍ പേ: 6238700216.