രത്തൻ ടാറ്റാ ഇനി മൂന്നാറിന്റെ ഓർമകളിലെ അണയാവിളക്ക്
1460546
Friday, October 11, 2024 6:22 AM IST
മൂന്നാർ: മൂന്നാറിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ മുഖ്യ പങ്കു വഹിച്ച ടാറ്റാ കന്പനിയുടെ ഉടമയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റാ ഇനി മൂന്നാറിന്റെ ഓർമകളിലെ അണയാവിളക്കായി പ്രശോഭിക്കും. ഏറെ വേദനയോടെയാണ് മൂന്നാറിലെ തോട്ടം മേഖല അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം പങ്കുവച്ചത്.
ഒരു വ്യവസായി എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയും ദാർശനിക പ്രതിഭയും എന്ന നിലയിലാണ് അദ്ദേഹത്തെ സ്മരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടവുമാണെന്ന് കെഡിഎച്ച്പി കന്പനി മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രഹാം അനുസ്മരിച്ചു.
1997 ലും 2009 ലും ആണ് അദ്ദേഹം മൂന്നാർ സന്ദർശിച്ചത്. മൂന്നാറിലെ തൊഴിലാളികളെ അടുത്തറിഞ്ഞ അദ്ദേഹം എസ്റ്റേറ്റുകളിൽ താമസിക്കുന്ന തൊഴിലാളികളെ പുറത്താക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പാവപ്പെട്ട തൊഴിലാളികളോട് ഏറെ അനുകന്പയും പരിഗണനയും നൽകിയിരുന്ന അദ്ദേഹം തൊഴിലാളികളുമായി സംസാരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.
ആദ്യവട്ടം എത്തിയത് വ്യാവസായി ആവശ്യങ്ങൾക്കായിരുന്നെങ്കിലും രണ്ടാം വട്ടം എത്തിയത് ജനങ്ങളുമായി നേരിട്ട് സംവദിക്കുവാൻ കഴിയുന്ന പരിപാടികളുമായിട്ടായിരുന്നു. ടാറ്റായുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിച്ചു വരുന്ന ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തിയത് ജീവനക്കാർ ഇന്നും ഓർക്കുന്നുണ്ട്.
ആശുപത്രിയിലെ അന്തേവാസികളെയെല്ലാം കാണാൻ സമയം കണ്ടെത്തിയ അദ്ദേഹം തൊഴിലാളികളുടെ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി. മൂന്നാറിനോടു തൊട്ടുചേർന്നു കിടക്കുന്ന ആദിവാസി മേഖലകളിൽ കഴിയുന്ന ജനങ്ങളുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പാവപ്പെട്ട തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ സന്ദർശിച്ച അദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണന നൽകണമെന്ന് പറഞ്ഞിരുന്നു. മൂന്നാറിലെ നല്ലതണ്ണിയിൽ ടാറ്റായുടെ കീഴിൽ ഭിന്നശേഷിക്കാരുടെ അതിജീവനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സൃഷ്ടി വെൽഫെയർ ട്രസ്റ്റിൽ എത്തിയ നിമിഷങ്ങൾ വൈകാരികമായാണ് അവർ ഓർത്തെടുക്കുന്നത്.
ദി ഡെയ്ലി എന്ന പേരിൽ ഭക്ഷണ ഉത്പന്നങ്ങൾ തയാറാക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമായിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രമുഖ ഹോട്ടൽ ശൃംഖലയായ മുംബൈ താജിൽ പരിശീലനം ലഭിച്ച നാലു ഭിന്നശേഷിക്കാരെ ഇവിടെ നിയോഗിക്കുകയും ചെയ്തു. മൂന്നാറിലെ പ്രകൃതിസൗന്ദര്യത്തെയും കാലാവസ്ഥയെയും ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം മൂന്നു ദിവസം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കന്പനിയുടെ നിരവധി ഒൗദ്യോഗിക പരിപാടികളിലും അദ്ദേഹം സംബന്ധിച്ചിരുന്നു.
തൊഴിലാളികളുടെ ഇടയിൽ ചെല്ലുന്ന വേളയിൽ കന്പനിയുടെ ഒൗദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്ന കോട്ടും സ്യൂട്ടും ഒഴിവാക്കി സാധാരണ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ ഉടമ എന്നതിനേക്കാളേറെ തങ്ങളോട് ഏറെ സ്നേഹവും കാരുണ്യവും പ്രകടിപ്പിക്കുന്ന ഒരു മഹദ്വ്യക്തി എന്ന നിലയിലാണ് തൊഴിലാളികൾ അദ്ദേഹത്തെ കണ്ടിരുന്നത്. മൂന്നാറിൽ എത്തിയ വേളയിൽ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാൻ ഉണ്ടായ തിരക്ക് അതിനു തെളിവായിരുന്നു.