ഭക്ഷ്യസുരക്ഷാ വകുപ്പിന് വാഹനമില്ല; പ്രവർത്തനം താളംതെറ്റുന്നു
1460545
Friday, October 11, 2024 6:22 AM IST
തൊടുപുഴ: ജില്ലയിൽ ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ വ്യാപകമാകുന്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധനയ്ക്ക് വിവിധ മേഖലകളിൽ ഓടിയെത്താനുള്ളത് രണ്ടു വാഹനം മാത്രം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ഇടുക്കിയിൽ പൂർണമായും ഓടിയെത്താനാണ് കരാറടിസ്ഥാനത്തിൽ ഓടുന്ന രണ്ടു വാഹനങ്ങളുള്ളത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഏറെ ജാഗ്രതയോടെയും കാര്യക്ഷമമായും പ്രവർത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പാണ് അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി മൂലം വലയുന്നത്. മറ്റു വകുപ്പുകൾക്ക് ജില്ലയിൽ തലങ്ങും വിലങ്ങും ഓടാൻ വാഹനങ്ങൾ ഉള്ളപ്പോഴാണ് ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട വകുപ്പിന് സ്വന്തം വാഹനമില്ലാതെ കഷ്ടപ്പെടേണ്ടിവരുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസിനും അഞ്ചു സർക്കിൾ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കും പരിശോധനകൾക്കും മറ്റും പോകുന്നതിനായാണ് രണ്ടു വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഓടുന്നത്. വാഹനങ്ങളുടെ കുറവ് ഉദ്യോഗസ്ഥരുടെ പരിശോധനകളെ കാര്യമായി ബാധിക്കുന്നുണ്ട്. പരാതികൾ ലഭിക്കുന്പോൾ അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്താൻ പലപ്പോഴും വൈകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. യാത്രാസൗകര്യം കുറവുള്ള ഹൈറേഞ്ച് മേഖലകളെയാണ് ഇത് ഏറെ ബാധിക്കുന്നത്.
പലപ്പോഴും പരിശോധനകൾക്കും മറ്റും പോകാൻ ഉദ്യോഗസ്ഥർക്കു പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓരോ സർക്കിൾ ഓഫീസിനും വാഹനം അനുവദിച്ചാൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജീവനക്കാരുടെ കുറവും ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇടുക്കി, ഉടുന്പൻചോല സർക്കിൾ ഓഫിസുകളിൽ ഓഫിസ് അസിസ്റ്റന്റുമാരുടെ തസ്തിക പോലുമില്ല. ഭക്ഷണ സാധനങ്ങളിൽ മായം ഉണ്ടോയെന്ന് അറിയാൻ ജില്ലയിൽ നിലവിൽ മൊബൈൽ ലാബ് പരിശോധന മാത്രമാണുള്ളത്.
നിയമനടപടികൾ കൈക്കൊള്ളേണ്ട സാന്പിളുകൾ പരിശോധിക്കണമെങ്കിൽ കാക്കനാട്ടെ റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയയ്ക്കണം. അവിടെനിന്നു പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കേ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഇത്തരത്തിൽ ലാബിലേക്ക് അയയ്ക്കുന്ന സാന്പിളുകളുടെ പരിശോധനാഫലം പലപ്പോഴും വൈകുന്നതും തുടർനടപടികളെ ബാധിക്കുന്നുണ്ട്.