ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
1460537
Friday, October 11, 2024 6:22 AM IST
തൊടുപുഴ: നഗരസഭയിൽ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുന്ന ജോലികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. രണ്ടു മണിക്കൂറോളം പ്രവർത്തകർ സെക്രട്ടറി ബിജുമോൻ ജേക്കബിനെ തടഞ്ഞുവച്ചു.
തെരുവുവിളക്കുകൾ സ്ഥാപിക്കുകയും കേടുപാടുകൾ സംഭവിച്ചവ മാറ്റാനുമായിരുന്നു കരാർ. 1500ഓളം വഴിവിളക്കുകളാണ് മാറ്റിസ്ഥാപിച്ചത്. ആറു മാസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനായിരുന്നു കരാർ. ഒരു വർഷത്തെ വാറണ്ടിയോടെയാണ് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്.
നിർമാണപ്രവൃത്തികളിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് കരാറുകാരന് നൽകാനുള്ള ബാലൻസ് തുക പിടിച്ചുവയ്ക്കാനും കരിന്പട്ടികയിൽപ്പെടുത്താനും കഴിഞ്ഞ മാസം ചേർന്ന കൗണ്‍സിലിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി കരാറുകാരന് ഉദ്യോഗസ്ഥർ പാർട്ട് ബിൽ മുഴുവനായി മാറി നൽകി. അതിനാൽ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കൗണ്‍സിൽ തീരുമാനിച്ചു.
എന്നാൽ ഇക്കാര്യത്തിൽ സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. തുടർന്ന് കൗണ്‍സിൽ തീരുമാനപ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിന് തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറി നിർദേശിച്ചതോടെയാണ് സമരം അവസാനിച്ചത്.
ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എസ്.ശരത്, വി.ആർ.പവിരാജ്, അബിൻ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്തു നൽകുമെന്ന് സെക്രട്ടറി ബിജുമോൻ ജേക്കബ് അറിയിച്ചു.