നഗരസഭയിലെ പദ്ധതികൾ പൂർത്തിയാക്കണം: ജോസഫ് ജോണ്‍
1460535
Friday, October 11, 2024 6:22 AM IST
തൊടുപുഴ: നഗരസഭയിൽ പാതിവഴിയിൽ നിൽക്കുന്ന വികസന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗണ്‍സിലറും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ അഡ്വ. ജോസഫ് ജോണ്‍ ആവശ്യപ്പെട്ടു.
തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് കെട്ടിടം പ്രാഥമിക ഘട്ടം പൂർത്തീകരിച്ചിട്ട് അഞ്ചു വർഷങ്ങളായെങ്കിലും ബാക്കി നിർമാണ ജോലികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. കെട്ടിടം വാടകയ്ക്ക് നൽകാൻ കഴിയുന്ന നിലയിൽ ഫയർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു വർഷം വാടക ഇനത്തിൽ മാത്രം ഒരു കോടിയോളം രൂപയുടെ വരുമാനമാണ് നഷ്ടപ്പെടുന്നത്. 125 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സിന് ഡിപ്പോസിറ്റ് ഇനത്തിൽ 5.5 കോടിയാണ് നഗരസഭയ്ക്ക് ലഭിക്കാവുന്നത്.
നഗരസഭ ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ 2019 ൽ നിർമാണം ആരംഭിച്ച കംഫർട്ട് സ്റ്റേഷൻ ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. തൊടുപുഴ - ഉടുന്പന്നൂർ റോഡിലെ ഷോപ്പിംഗ് കോംപ്ലക്സ് കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന വാടകക്കാരെ മുഴുവൻ ഒഴിപ്പിച്ചിട്ട് മൂന്ന് വർഷമായി. ഇവിടെ പുതിയ കെട്ടിടം നിർമിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയെങ്കിലു നിർമാണത്തിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞ നാലു വർഷക്കാലത്തിനിടെ ഒരു പദ്ധതിയും ആരംഭിക്കാൻ കഴിയാത്തത് ഗൗരവമുള്ള കാര്യമാണ്.
തനത് വരുമാനം വർധിപ്പിക്കാതെ നികുതി കൂട്ടുന്ന നടപടിയാണ് നഗരസഭ സ്വീകരിക്കുന്നത്. നഗരസഭയുടെ വരുമാനം വർധിപ്പിച്ച് നികുതി ഭാരത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.