കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
1460533
Friday, October 11, 2024 6:22 AM IST
ഇടുക്കി: ചെറുധാന്യങ്ങളുടെ കലവറയായി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആദിവാസിക്കുടിയിൽ നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ആവേശമായി.
ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നബാർഡിന്റെ സഹായത്തോടെയാണ് അടിമാലി പ്ലാമലക്കുടിയിൽ കൃഷിയിറക്കിയത്. ഇതിൽ റാഗി കൃഷിയുടെ വിളവെടുപ്പ് ഉത്സവം കഴിഞ്ഞ ദിവസം നടത്തി.
കൊരങ്ങാട്ടിയിലെ നാല് ആദിവാസിക്കുടികളിലായി 110 കർഷകരാണ് വിവിധയിനം ചെറു ധാന്യങ്ങൾ കൃഷി ചെയ്തത്. അന്യം നിന്നുപോകുന്ന റാഗി, ചോളം, തിന, മുതിര, കന്പ് തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നബ്ജീവൻ മില്ലറ്റ് പദ്ധതി നടപ്പാക്കിയത്.
കൊയ്ത്തുത്സവത്തിന് നബാർഡ് ഡിഡിഎം അരുണ്‍ കുമാർ, എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേൽ, ഉൗരു മൂപ്പൻ പളനിയപ്പൻ, പ്രോജക്ട് മാനേജർമാരായ സിബി മാളിയേക്കൽ, നിതിൻ വരിക്കയിൽ, എബിൻ കുറുന്താനത്ത് എന്നിവർ നേതൃത്വം നൽകി.