മുല്ലപ്പെരിയാറിൽ ടണൽ: ലക്ഷം പേരുടെ ഒപ്പുശേഖരണം തുടങ്ങി
1460529
Friday, October 11, 2024 6:22 AM IST
തൊടുപുഴ: മുല്ലപ്പെരിയാറിൽ ടണൽ നിർമിച്ച് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ അവകാശ സംരക്ഷണ സമിതി ലക്ഷം പേരുടെ ഒപ്പുശേഖരണം ആരംഭിച്ചതായി ഭാരവാഹികളായ കെ.എം.സുബൈർ, പ്രഫ.സി.പി. റോയി, മാത്യു സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2014-ൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഡാമിന്റെ 50 അടി ഉയരത്തിൽ തമിഴ്നാടിന്റെ ചെലവിൽ ടണൽ നിർമിച്ച് വെള്ളം കൊണ്ടുപോകണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ ഈ നിർദേശം നടപ്പാക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഈ ആവശ്യം ഉന്നയിച്ച് മേധാപട്കറെ പങ്കെടുപ്പിച്ച് രാജ്ഭവനിലേക്ക് ബഹുജന മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ മുല്ലപ്പെരിയാർ ജീവൻരക്ഷാ വാഹന പ്രചാരണജാഥ നടത്തിവരികയാണ്. മുല്ലപ്പെരിയാർ വിഷയം ഉയർത്തി തൊടുപുഴ മിനി സിവിൽസ്റ്റേഷനു മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധ ധർണ പ്രഫ.സി.പി.റോയി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.എം.സുബൈർ അധ്യക്ഷത വഹിച്ചു.മാത്യു സ്റ്റീഫൻ എക്സ് എംഎൽഎ, ഡോ.കെ.സോമൻ, തോമസ് കുഴിഞ്ഞാലിൽ, സണ്ണി മാത്യു, ജെസി ജോണി, അഡ്വ.അശ്വതി നായർ, ലൈല റഷീദ്, പി.എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.