മൂന്നാർ ടൗണിലെ കടകൾക്കു മുകളിൽ മണ്ണിടിഞ്ഞുവീണു
1460134
Thursday, October 10, 2024 12:37 AM IST
മൂന്നാർ: കനത്ത മഴയിൽ മൂന്നാർ ടൗണിലെ കടകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ബാക്ക് ബസാറിലുള്ള കടകൾക്കു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടു കടകൾ മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. ഒരു കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു.
ഉച്ചകഴിഞ്ഞ് മൂന്നോടെ പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞു വീണത്. അപകടം സംഭവിച്ച ഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉടൻതന്നെ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
മൂന്നാർ ടൗണിൽ സെൻട്രൽ ജംഗ്ഷനു സമീപത്തുള്ള കടകൾ അപകടഭീഷണിയിലാണ് മഴക്കാലത്ത് കഴിഞ്ഞു വരുന്നത്. മുന്പ് ഇവിടെ ഉണ്ടായിരുന്ന സംരക്ഷണഭിത്തിയ്ക്ക് കാലങ്ങളുടെ പഴക്കമുള്ളതാണ്. മൂന്നാർ പഞ്ചായത്തിന്റെയും കെഡിഎച്ച്പി കന്പനിയുടെയും നേതൃത്വത്തിൽ എത്രയും വേഗം നടപടികൾ സ്വീകരിച്ച് ബാക്ക് ബസാറിലെ കടയുടമകളുടെയും ജീവനക്കാരുടെയും ജീവൻ സംരക്ഷിക്കണമെന്നാണ് വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നത്.