മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്
1460127
Thursday, October 10, 2024 12:37 AM IST
ഉപ്പുതറ: മുല്ലപ്പെരിയാർ ഡാം കമീഷൻ ചെയ്തിട്ട് ഇന്ന് 129 വർഷം. സുർക്കി മിശ്രിതം ഉപയോഗിച്ച് 1895 ലാണ് ഡാം നിർമാണം പൂർത്തിയാക്കിയത്.
ഡാം ദുർബലമാണെന്നും അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു. പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും തമിഴ്നാടുമായി സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് 2006 മുതൽ മുല്ലപ്പെരിയാർ സമര സമിതി പോരാട്ടത്തിലാണ്. ഡാം കമീഷൻ ചെയ്ത് 129 വർഷം തികയുന്ന ഇന്ന് വൈകുന്നേരം ആറിന് സംസ്ഥാനത്തെ 129 കേന്ദ്രങ്ങളിൽ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതീക്ഷാ ജ്വാല തെളിക്കും. മത - സാമുദായിക- സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികളായ ഷാജി പി. ജോസഫ്, സിബി മൂത്തുമാക്കുഴി, അഡ്വ. സ്റ്റീഫൻ ഐസക് , പി.ഡി. ജോസഫ് എന്നിവർ അറിയിച്ചു. സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 140 കേന്രങ്ങളിലും പ്രതീക്ഷാ ജ്വാല തെളിക്കും.