കുന്നത്തെ ഹെൽത്ത് സെന്റർ മാറ്റാൻ നീക്കം; കൗണ്‍സിലിൽ ബഹളം
1460122
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: നഗരസഭാ അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ കുന്നത്തുനിന്നു മാറ്റുന്നതിനുള്ള നഗരസഭാ ചെയർപേഴ്സണ്‍ന്റെയും 13-ാംവാർഡ് കൗണ്‍സിലറുടെയും നീക്കത്തിനെതിരേ കൗണ്‍സിലിൽ വൻ പ്രതിഷേധം. തുടർന്നു കൗണ്‍സിലിൽ സെന്റർ മാറ്റാനുള്ള നീക്കം ഭൂരിപക്ഷ അഭിപ്രായ പ്രകാരം തള്ളിക്കളഞ്ഞു.
നഗരസഭയിൽ അനുവദിച്ചിട്ടുള്ള മൂന്ന് ഹെൽത്ത് സെന്ററുകളിൽ ഒന്നും, രണ്ടും സെന്ററുകൾ വെങ്ങല്ലൂരിലും കുമ്മംകല്ലിലുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പഴുക്കാക്കുളത്ത് അനുവദിച്ച വെൽനസ് സെന്റർ കെട്ടിട നിർമാണം പൂർത്തിയാകുന്നതുവരെ കുന്നത്ത് വാടകയ്ക്ക് കെട്ടിടം കണ്ടെത്തി പ്രവർത്തിക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കൗണ്‍സിലിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ജനങ്ങളെ തെറ്റിധരിപ്പിച്ച് പരാതി നൽകുകയും ആരോഗ്യകേന്ദ്രം വരുന്നതു തടസപ്പെടുത്താൻ ശ്രമം നടക്കുകയും ചെയ്തു. കുന്നത്ത് സെന്റർ ആരംഭിക്കുന്നതിനെതിരേ ചെയർപേഴ്സണ്‍ രംഗത്തു വന്നതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം എതിർപ്പുമായി എത്തി.
മുൻ ചെയർമാൻ സനീഷ് ജോർജിന്റെ വാർഡിലാണ് നിലവിൽ ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം കണ്ടെത്തിയത്. നാഷണൽ ഹെൽത്ത് മിഷനും നഗരസഭാ എൻജിനിയറിംഗ് വിഭാഗവും പരിശോധിച്ച് അനുയോജ്യമെന്ന കണ്ടെത്തിയ സ്ഥലമായിരുന്നു ഇത്. ഇത് മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതിനെതിരേ പ്രതിഷേധവുമായി സനീഷ് ജോർജും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ. ദീപക്കും രംഗത്തുവരികയായിരുന്നു. തുടർന്നു മറ്റുകൗണ്‍സിലർമാരും ഇവർക്കൊപ്പം ചേർന്നു.ഇതോടെയാണ് സെന്റർ മാറ്റാനുള്ള നീക്കം കൗണ്‍സിൽ തള്ളിയത്. കൗണ്‍സിൽ തീരുമാനം മാറ്റണമെങ്കിൽ മൂന്നുമാസം കഴിയണമെന്നും അല്ലാത്തപക്ഷം വിഷയത്തിൽ പ്രത്യേക കൗണ്‍സിൽ ചേരണമെന്നും നിയമമുള്ളതായി ചൂണ്ടിക്കാട്ടിയപ്പോൾ അജണ്ട തള്ളിക്കളയാൻ തീരുമാനിക്കുകയായിരുന്നു. ചെയർപേഴ്സന്റെ നീക്കം അനുവദിക്കാനാവില്ലെന്നു കൗണ്‍സിലർമാരായ കെ.ദീപക്ക്, സനീഷ് ജോർജ്, നീനു പ്രശാന്ത്, സനു കൃഷ്ണൻ, ഷീജ ഷാഹുൽ, നിസ സക്കീർ, ജോർജ് ജോണ്‍ എന്നിവർ പറഞ്ഞു.