കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചുനല്‍കി സഹോദരിമാര്‍
1459879
Wednesday, October 9, 2024 6:00 AM IST
നെടുങ്കണ്ടം: കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കി എല്‍പി സ്കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍. മഞ്ഞപ്പെട്ടി ഒറ്റപ്ലാക്കല്‍ ദീപു-ആര്യ ദമ്പതികളുടെ മക്കളായ ശ്രീലക്ഷ്മിയും ശ്രേയയുമാണ് കരുതലോടെ വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ചുനല്‍കിയത്.
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രേയ. ശ്രീലക്ഷ്മി രണ്ടാം ക്ലാസിലും. മുമ്പ് സ്കൂളിലെ മറ്റു കുട്ടികളും കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്കിയ മാതൃകയും അമ്മ ആര്യയുടെ പ്രചോദനവുമാണ് മുടി നല്‍കിയതിനു പിന്നിലെന്ന് സഹോദരിമാർ പറഞ്ഞു.
ശേഖരിച്ച മുടി പായ്ക്ക് ചെയ്ത ശേഷം ആശുപത്രിയിലേക്ക് സ്കൂള്‍ അധികൃതര്‍ അയച്ചു നല്കി. കുട്ടികളെ സ്കൂള്‍ ഹെഡ്മാസ്റ്റര് സിബി പോളും അധ്യാപകരും അനുമോദിച്ചു.