ജലനിധിയുടെ കുഴിയിൽ വീണ്ടും ലോറി കുടുങ്ങി
1459659
Tuesday, October 8, 2024 6:46 AM IST
ചെറുതോണി : ജലനിധി പദ്ധതിക്കായി നിർമിച്ച കുഴിയിൽ തടിലോഡുമായി വന്ന ലോറി കുടുങ്ങി. ഭൂമിയാംകുളം - കേശമുനി റോഡിലാണ് ഇന്നലെ ഉച്ചയോടെ ലോറി കുടുങ്ങിയത്. ലോറിയുടെ മുൻപിലെ ടയർ കുഴിയിൽ താഴ്ന്നതോടെ ഒരു വശത്തേക്കു ചെരിഞ്ഞ ലോറി വൈദ്യുതിപോസ്റ്റിൽ തങ്ങിനിന്നതിനാൽ മറിഞ്ഞില്ല.
രണ്ടാഴ്ച മുമ്പാണ് അമ്പതു മീറ്റർ മാറി ഭൂമിയാംകുളം ടൗണിൽ ജലനിധിയുടെ കുഴിയിൽ മറ്റൊരു ലോറി ചെരിഞ്ഞത്. ഇല്ലാത്ത ഫണ്ടിന്റെ പേരിൽ ഭൂമിയാംകുളം കേശമുനി റോഡ് കുത്തിപ്പൊളിച്ച് ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. റീബിൽഡ് കേരളയിൽ പെടുത്തി രണ്ടു കോടി രൂപ അനുവദിച്ചെന്ന് പറഞ്ഞ് അരലക്ഷം രൂപ ചെലവഴിച്ച് നിർമാണോദ്ഘാടനം നടത്തി. എന്നാൽ, ടാർ റോഡ് കുത്തിപ്പൊളിച്ചിട്ടതല്ലാതെ മറ്റു ജോലികളൊന്നുമുണ്ടായില്ല.
ജലനിധിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ വൈകുന്നതാണ് റോഡ് നിർമാണത്തിന് തടസമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ഇതുവഴി കാൽനടയാത്ര പോലും അസാധ്യമായതോടെ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ഈ റോഡിലാണ് ലോറി കുടുങ്ങിയത്.