സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവത്തിനു മൂവാറ്റുപുഴയിൽ തുടക്കം
1459654
Tuesday, October 8, 2024 6:45 AM IST
മൂവാറ്റുപുഴ: കൗമാരകലകളുടെ ഉത്സവദിനങ്ങളൊരുക്കി സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവത്തിനു (സര്‍ഗധ്വനി) മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളില്‍ തിരിതെളിഞ്ഞു. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളില്‍നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മൂന്നു ദിവസത്തെ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
നാലു വിഭാഗങ്ങളിലായി 140 ഇനങ്ങളിലാണു മത്സരം. 15 വേദികളുണ്ട്. നേരത്തെ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും.
ആദ്യസ്ഥാനം ആദിത്യന്
മൂവാറ്റുപുഴ: നാടോടി നൃത്തം കാറ്റഗറി മൂന്നില്‍ തൊടുപുഴ ഡിപോള്‍ പബ്ലിക് സ്കൂളിലെ ആദിത്യ വിനീഷ് ഒന്നാമനായി. തെയ്യത്തിന്റെ ഉത്ഭവ കഥ അരങ്ങില്‍ അവതരിപ്പിച്ചാണു ആദിത്യ വിനീഷ് ഒന്നാമനായത്. സൈനികനായ ബിനീഷിന്റെയും വിദേശത്ത് നഴ്സായി ജോലിചെയ്യുന്ന റീനയുടെയും മകനാണ്. നിരവധി തവണ മത്സരരംഗത്ത് മാറ്റുരച്ചെങ്കിലും ആദ്യമായാണു സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചത്.