നാലു ദിവസം; കടിയേറ്റവർ 84 : നായകളുടെ ആക്രമണം കൂടുന്നു; ജില്ലയ്ക്ക് എബിസി സെന്റർ ഇനിയും അകലെ
1459368
Monday, October 7, 2024 2:55 AM IST
തൊടുപുഴ: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നു. ദിനംപ്രതി ഒട്ടേറെ പേർക്കാണ് ജില്ലയുടെ വിവിധയിടങ്ങളിലായി നായകളുടെ കടിയേൽക്കുന്നത്. എന്നാൽ നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടും ഇവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
ജില്ലയിൽ എബിസി സെന്റർ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ അധികൃതർ കാട്ടുന്ന മെല്ലെപ്പോക്കിൽ ജനങ്ങളിൽനിന്നു കടുത്ത പ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്ത് എബിസി സെന്ററുകൾ ഒന്നുപോലുമില്ലാത്ത ഏക ജില്ലയായ ഇടുക്കിയിൽ ആയിരക്കണക്കിനു നായകളാണ് നഗര, ഗ്രാമീണ പാതകളിൽ രാപകൽ ഭേദമില്ലാതെ ചുറ്റിത്തിരിയുന്നത്.
ജില്ലയിൽ നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം കണക്കിലെടുത്താൽ തന്നെ ഇവയുടെ ആക്രമണസ്വഭാവം വ്യക്തമാകും. ഈ വർഷം ജില്ലയിൽ നായകളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 4,572 പേരാണ്.
സെപ്റ്റംബറിൽ 492 പേർക്കും ഓഗസ്റ്റിൽ 484 പേർക്കും കടിയേറ്റു. ഈ മാസം നാലു ദിവസത്തിനുള്ളിൽ മാത്രം 84 പേർ നായകളുടെ ആക്രമണത്തിനിരയായി. വളർത്തു മൃഗങ്ങളെയും നായകൾ ആക്രമിക്കുന്നുണ്ട്. തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
ഇരട്ടയാറിൽ കഴിഞ്ഞദിവസം വഴിയാത്രികനെയും മൂരിക്കിടാവിനെയും തെരവുനായ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കാൽനടയാത്രക്കാർ, സ്കൂൾ വിദ്യാർഥികൾ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരെ ഉൾപ്പെടെ നായകളുടെ ആക്രമണം പതിവു സംഭവമായിട്ടും ഇക്കാര്യത്തിൽ ഒരു പ്രതിരോധവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
തെരുവുനായകളെ നിയന്ത്രിക്കാനുള്ള അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി താളംതെറ്റിയതാണ് നായ്ശല്യം രൂക്ഷമാകാൻ പ്രധാന കാരണമായി പറയപ്പെടുന്നത്.
ഇതിനായി ഏറ്റവും ആവശ്യമായി വേണ്ടത് എബിസി സെന്റർ ആണ്. മറ്റ് ജില്ലകളിൽ എല്ലാംതന്നെ എബിസി സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചപ്പോഴും ജില്ലയിൽ പദ്ധതി പ്രാരംഭ ഘട്ടത്തിൽതന്നെ നിൽക്കുകയാണ്.
കഴിഞ്ഞ വർഷം തന്നെ ജില്ലാ ആസ്ഥാനത്ത് എബിസി സെന്റർ സ്ഥാപിക്കുന്നതിനു ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. നാലു കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലമാണ് സെന്ററിനായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇവിടെ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ ടെണ്ടർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇവിടെയുള്ള മരങ്ങൾ മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റി ചേർന്ന് തീരുമാനം എടുത്തെങ്കിലും ഇതിനുള്ള നടപടിയും പൂർത്തിയായിട്ടില്ല.
മരം മുറിച്ചു നീക്കിയതിനുശേഷം എൻജനിയറിംഗ് വിഭാഗം തയാറാക്കിയ പ്ലാൻ അനുസരിച്ച് വേണം ഇവിടെ കെട്ടിടനിർമാണം ആരംഭിക്കാൻ. എന്നാൽ നായകളുടെ കടിയേറ്റ് സാധാരണക്കാർ ആശുപത്രികൾ കയറിയിറങ്ങുന്പോഴും എബിസി സെന്റർ തുടങ്ങുന്ന കാര്യത്തിൽ അധികൃതരുടെ അലംഭാവം തുടരുകയാണ്.
തെരുവിൽനിന്നു പിടികൂടുന്ന നായകളെ വന്ധ്യംകരിക്കണമെങ്കിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള എബിസി സെന്റർ ആവശ്യമാണ്. പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിനു വിധേയമാക്കിയ ശേഷം ചികിത്സ നൽകി നിരീക്ഷണത്തിൽ പാർപ്പിക്കണം. അതിനാൽ അടിയന്തരമായി എബിസി സെന്റർ പ്രവർത്തന സജ്ജമാക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെയും ആവശ്യം.