ഇടുക്കി സഹോദയാ കലോത്സവം : എട്ടാം തവണയും വിജയമാതാതന്നെ
1459182
Sunday, October 6, 2024 2:23 AM IST
ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ നടന്നുവന്ന പത്താമത് സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തിരശീല വീണു. കൗമാരകലകള്‍ വിസ്മയം തീര്‍ത്ത രണ്ടു ദിനരാത്രങ്ങള്‍ പിന്നിട്ടപ്പോള്‍ ആതിഥേയരായ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ 904 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
തുടർച്ചയായ ഏട്ടാം തവണയാണ് വിജയമാതാ സ്കൂൾ കിരീടം ചൂടുന്നത്. 806 പോയിന്റുകളോടെ മോണ്ട്ഫോർട്ട് സ്കൂൾ അണക്കര രണ്ടാം സ്ഥാനവും 747പോയിന്റ് നേടിയ വിശ്വദീപ്തി സ്കൂൾ അടിമാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രചനാമത്സരങ്ങള്‍, ബാന്‍ഡ് മത്സരങ്ങള്‍ എന്നിവ കഴിഞ്ഞദിവസം നടന്നിരുന്നു. കലാ മത്സരങ്ങളാണ് വെള്ളി, ശനി ദിവസങ്ങളിലായി നടന്നത്. നാലു വിഭാഗങ്ങളിലായി 15 വേദികളില്‍ നടന്ന മത്സരങ്ങളില്‍ 130 ഇനങ്ങളില്‍ ഹൈറേഞ്ച് മേഖലയിലെ 33 സിബിഎസ്ഇ സ്കൂളുകളില്‍നിന്നു രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു.
വെള്ളിയാഴ്ച കുച്ചിപ്പുടി, തിരുവാതിര, പാശ്ചാത്യ സംഗീതം, മൈം, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിലും ഇന്നലെ സ്കിറ്റ്, ഒപ്പന, കോല്‍ക്കളി, മാര്‍ഗംകളി, ഭരതനാട്യം, ഗ്രൂപ്പ് സോംഗ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടകം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.