സ്വകാര്യ ബസ് ജീവനക്കാരും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്; നാളെ ധർണ
1459172
Sunday, October 6, 2024 2:08 AM IST
കട്ടപ്പന: സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ധർണ നടത്തും.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, സിഐടിയു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ, ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു, സിപിഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ. സജി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം. തോമസ്,
ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ, പ്രൈവറ്റ് ബസ് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം.സി. ബിജു, സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം കെ.പി. സുമോദ്, ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ കട്ടപ്പന മേഖലാ സെക്രട്ടറി അനീഷ് ജോസഫ്, പ്രസിഡന്റ് എബി മാത്യു എന്നിവർ പ്രസംഗിക്കും.
ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. മുന്പ് ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് സമീപ ജില്ലയിലെ ടൗണുകളിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്കു പെർമിറ്റ് നിഷേധിക്കുകയാണ്. പതിറ്റാണ്ടുകളായി സർവീസ് നടത്തുന്ന ബസുകൾക്ക് മുന്നിലും പിന്നിലും അനുമതി പോലുമില്ലാതെ കെഎസ്ആർടിസി സർവീസുകൾ നടത്തി ദ്രോഹിക്കുന്ന നടപടിയാണ്.
ജില്ലയിലെ നിരവധി സ്വകാര്യ ബസ് സർവീസുകൾ ഇല്ലാതായതോടെ തൊഴിലാളികൾ പണിയിലായി. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഭാരവാഹികളായ കെ. ജെ. ദേവസ്യ, കെ. പി. സുമോദ്, അനീഷ് ജോസഫ്, എൻ. ജി. രാജൻ, അഖിൽ, ഷാജി സ്കറിയ, കെ. എം. തോമസ് എന്നിവർ ആവശ്യപ്പെട്ടു.